താനൂര്‍ ദുരന്തം: ബോട്ട് സർവിസിന് അനുമതി നൽകിയത് നഗരസഭയെന്ന പ്രചാരണം തെറ്റെന്ന് ഭരണസമിതി
text_fieldsതാനൂർ: 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ടിന് സർവിസ് നടത്താനുള്ള അനുമതി താനൂർ നഗരസഭയാണ് നല്‍കിയതെന്നും നഗരസഭയില്‍നിന്ന് അതിന്റെ എല്ലാ രേഖകളും പൊലീസ് പിടിച്ചെടുത്തുവെന്നും പ്രത്യേകാന്വേഷണ സംഘം ഡിവൈ.എസ്.പി പറഞ്ഞതായി സാമൂഹിക മാധ്യമങ്ങളിലൂടെ സി.പി.എം അനുകൂലികളും ചില മാധ്യമങ്ങളും പ്രചരിപ്പിച്ച വാർത്തകൾ തെറ്റിദ്ധരിപ്പിക്കുന്നതും അടിസ്ഥാന രഹിതവുമാണെന്ന് താനൂർ നഗരസഭ ഭരണസമിതി വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ദുരന്തത്തിന് ഇടയാക്കിയ ബോട്ടിന്റെ ഉടമ നാസര്‍ കഴിഞ്ഞ ജനുവരി 18ന് ഒരു രേഖപോലും ഉൾപ്പെടുത്താതെ ഹൗസ് ബോട്ട് സ്ഥാപിക്കാനുള്ള അപേക്ഷ നഗരസഭയുടെ കൗണ്ടറിലൂടെ സമര്‍പ്പിച്ചിരുന്നു. ഈ അപേക്ഷക്ക് 24ന് നഗരസഭ സെക്രട്ടറി ടൂറിസം വകുപ്പിന്റെ പിന്തുണയും അനുമതിയും അവശ്യമാണെന്ന മറുപടിയാണ് നാസറിന് രേഖാമൂലം നല്‍കിയത്. നാസര്‍ നഗരസഭക്ക് വെള്ളക്കടലാസില്‍ നല്കിയ അപേക്ഷയും അതിന് സെക്രട്ടറി നല്കിയ മറുപടിയുടെ പകർപ്പുമാണ് അന്വേഷണ ഉദ്യോഗസ്ഥന് പരിശോധിച്ചത്.
രാഷ്ട്രീയ വൈരാഗ്യം തീർക്കാനും സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് വന്ന ഗുരുതരവീഴ്ചകള്‍ മറച്ചുവെക്കാനും സി.പി.എം സൈബര്‍ വിങ് പ്രചരിപ്പിക്കുന്ന പോലെ നഗരസഭയില്‍നിന്ന് ഒരു രേഖയും പൊലീസ് പിടിച്ചെടുത്തിട്ടില്ലെന്നും വിഷയത്തിന്റെ നിജസ്ഥിതി അറിയാതെ ചില മാധ്യമങ്ങള്‍ തെറ്റായ വാർത്തകൾ നൽകിയതിൽ ശക്തമായ പ്രതിഷേധം അറിയിക്കുന്നതായും മാധ്യമങ്ങള്‍ തിരുത്തണമെന്നും ഭരണസമിതി അംഗങ്ങൾ ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ ചെയർമാൻ പി.പി. ഷംസുദ്ദീൻ, വൈസ് ചെയർമാൻ സി.കെ. സുബൈദ, സി.കെ.എം. ബഷീർ, കെ.പി. അലി അക്ബർ, കെ. ജയപ്രകാശ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.