കോവിഡ് കാലത്ത് ഇജാസിന്റെ ഭക്ഷണപ്പൊതിക്ക് രുചിയേറെ
text_fieldsതിരൂരങ്ങാടി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കൊപ്പം രോഗികൾക്കും പൊലീസ് വളൻറിയർമാർക്കും തെരുവിൽ കഴിയുന്നവർക്കുമെല്ലാം ഭക്ഷണമൊരുക്കുകയാണ് കക്കാട് കരുമ്പിൽ സ്വദേശി പൂങ്ങാടൻ ഹംസയുടെ മകൻ ഇജാസ് എന്ന 25കാരൻ. ലോക്ഡൗൺ തുടങ്ങിയ അന്ന് തുടങ്ങിയതാണ് ഭക്ഷണവിതരണം. തെരുവിൽ കഴിയുന്നവരുടെ ബുദ്ധിമുട്ട് കണ്ടാണ് ഭക്ഷണപ്പൊതിയുമായി ആദ്യം ഇറങ്ങിയത്.
കക്കാട്, ചെമ്മാട്, വെന്നിയൂർ പ്രദേശത്ത് തെരുവിൽ കഴിയുന്നവർ ഇപ്പോൾ ഇജാസിനെയും കാത്തിരിക്കാറാണ്. തെൻറ 20ഓളം സുഹൃത്തുക്കളുമായി ബന്ധപ്പെട്ട് ഓരോ ദിവസവും ഓരോ നേരത്തേക്കുള്ള ഭക്ഷണം ശേഖരിക്കുകയാണ്. ഇജാസ് വീടുകളിൽ പോയി ശേഖരിച്ച് കൃത്യസമയത്ത് അർഹരായവർക്ക് എത്തിക്കും. ദീർഘദൂര വാഹന യാത്രക്കാർക്കും ഇത്തരത്തിൽ ഭക്ഷണം നൽകുന്നുണ്ട്.
ഡി.വൈ.എഫ്.ഐ കരുമ്പിൽ യൂനിറ്റ് സെക്രട്ടറിയായ ഇജാസ് തെൻറ ഓട്ടോയിൽ കോവിഡ് രോഗികളെ ഹോസ്പിറ്റലിൽ എത്തിക്കാനും കൊണ്ടുവരാനും ആവശ്യക്കാർക്ക് മരുന്നുകൾ എത്തിച്ചു നൽകാനും വീടുകൾ അണുമുക്തമാക്കാനുമെല്ലാം സജീവമായി രംഗത്തുണ്ട്. അധ്യയന വർഷം ആരംഭിച്ചത് മുതൽ സഹപ്രവർത്തകരുടെ സഹായത്താൽ നിരവധി വിദ്യാർഥികൾക്ക് പഠനോപകരണങ്ങളും ഓൺലൈൻ പഠനത്തിന് സഹായവും എത്തിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.