തണൽ വെൽഫെയർ സൊസൈറ്റി 13ാം വർഷത്തിലേക്ക്
text_fieldsമാറഞ്ചേരി: 12 വർഷത്തിനിടയിൽ പത്ത് കോടിയിൽപരം രൂപ പലിശരഹിത വായ്പ നൽകി തണലായി മാറിയ 'തണൽ വെൽെഫയർ സൊസൈറ്റി' 13ാം വർഷത്തിലേക്ക്. കോവിഡിെൻറ തീക്ഷ്ണതയിൽ അകപ്പെട്ട കഴിഞ്ഞ സാമ്പത്തിക വർഷവും 1.80 കോടി രൂപ വായ്പ നൽകാൻ പലിശരഹിത അയൽക്കൂട്ട സംവിധാനമായ തണൽ വെൽഫെയർ സൊസൈറ്റിക്ക് കഴിഞ്ഞു.
രണ്ട് കി.മീറ്റർ ചുറ്റളവിൽ 81 സംഗമം അയൽക്കൂട്ടങ്ങളിലായി 1600ൽപരം മെംബർമാരാണ് തണലിലുള്ളത്. ആഴ്ചതോറും അവർ ഒരുക്കൂട്ടുന്ന കൊച്ചുകൊച്ചു സമ്പാദ്യങ്ങൾ ഉപയോഗപ്പെടുത്തിയാണ് ഇവർ പരസ്പരം പലിശരഹിത വായ്പ നൽകുന്നത്. കഴിഞ്ഞ സാമ്പത്തികവർഷം സമ്പാദ്യമായി ഒരുക്കൂട്ടിയത് ഒരുകോടിയിൽപരം രൂപയാണ്. സ്വയംതൊഴിൽ മേഖലയിൽ അംഗങ്ങൾക്കായി വിവിധ സംരംഭകത്വ പദ്ധതികൾക്കാണ് വായ്പ നൽകുന്നത്.
പശുവളർത്തൽ, ആടും കൂടും പദ്ധതി, കോഴിവളർത്തൽ, പപ്പടപ്പണി, ഗാർമെൻറ്സ്, കുടിൽ വ്യവസായങ്ങൾ തുടങ്ങിയ മേഖലകളിലാണ് വായ്പകൾ അനുവദിക്കുന്നത്. സ്വയംതൊഴിൽ പരിശീലനം, മെഡിക്കൽ ക്യാമ്പുകൾ, ബോധവത്കരണ പരിപാടികൾ എന്നിവ നടത്തുന്നു.
ജൈവകൃഷി പരിപോഷിക്കാൻ കഴിഞ്ഞ നാല് വർഷമായി നടത്തിക്കൊണ്ടിരിക്കുന്ന 'തണൽ പുരയിട കൃഷിയിൽ' അഞ്ഞൂറിൽപരം കുടുംബങ്ങൾ പങ്കാളികളായി. ലോക്ഡൗൺ കാലത്ത് അംഗങ്ങൾക്ക് ഏറെ സഹായകരമായി ഈ പുരയിട കൃഷി. തണൽ ബാലസഭകളും തണലിന് കീഴിൽ പ്രവർത്തിക്കുന്നു. കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ വാർഷികാഘോഷം ഓൺലൈനായി നടത്തുമെന്ന് സൊസൈറ്റി പ്രസിഡൻറ് എ. അബ്ദുൽ ലത്തീഫ്, സെക്രട്ടറി എ. മുഹമ്മദ് മുബാറക് എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.