കെ-റെയിൽ സമരം: ജനപ്രതിനിധികളടക്കം സമരപ്രവർത്തകർ അറസ്റ്റിൽ
text_fieldsതാനാളൂർ: താനാളൂർ പഞ്ചായത്തിന്‍റെ വിവിധ കേന്ദ്രങ്ങളിൽ കെ-റെയിൽ കല്ലിടൽ തടഞ്ഞ സ്ത്രീകളടക്കമുള്ള ജനപ്രതിനിധികളെയും സമരസമിതി പ്രവർത്തകരെയും അറസ്റ്റ് ചെയ്തു. മുന്നറിയിപ്പില്ലാതെ വലിയ പൊലീസ് സേനയുടെ അകമ്പടിയോടെയാണ് കെ-റെയിൽ കല്ലിടലിന് ഉദ്യോഗസ്ഥരെത്തിയത്. ഇതേതുടർന്ന് പ്രദേശവാസികൾ എതിർപ്പുമായെത്തി.
എതിർപ്പ് രേഖപ്പെടുത്തിയ വീട്ടുടമസ്ഥരെ പൊലീസ് മർദിക്കുകയും അസഭ്യം പറയുകയും ചെയ്തു. ഇതേതുടർന്ന് ജനപ്രതിനിധികളടക്കമുള്ളവർ വീട്ടുകാർക്ക് പിന്തുണയുമായി രംഗത്തു വന്നു. ഇതേതുടർന്ന് പൊലീസ് ഭീകരമായ മർദനമാണ് പ്രതിഷേധക്കാർക്കു നേരെ അഴിച്ചുവിട്ടത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ. സൽമ, ജില്ല പഞ്ചായത്ത് അംഗം വി.കെ.എം. ഷാഫി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി. നിയാസ്, വാർഡ് അംഗം ചാത്തേരി സുലൈമാൻ, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്‍റ് കെ.വി. മൊയ്തീൻ കുട്ടി, മങ്കുഴി വാസുദേവൻ, കെ-റെയിൽ വിരുദ്ധ ജനകീയ സമിതി ജില്ല കൺവീനർ പി.കെ. പ്രഭാഷ്, പഞ്ചായത്ത് ചെയർമാൻ നാദിർഷാ ചെമ്പത്തൊടുവിൽ, വൈസ് ചെയർമാൻ കുഞ്ഞാവ ഹാജി, കൺവീനർ അബ്ദുൽ കരീം പഴയകത്ത്, ഷാജി കള്ളിയത്ത്, മുഹമ്മദ് ഇസ്മയിൽ, മുഹമ്മദ് ഷഫീഖ്, പ്രഭാകരൻ, ആഷിക്ക്, നിസാർ, അലീന എന്നിവരെ അറസ്റ്റ് ചെയ്തു. സ്ഥലത്തെ പൊലീസ് അതിക്രമങ്ങൾ ഫേസ്ബുക്ക് ലൈവ് കൊടുത്തതിന്‍റെ പേരിലാണ് സമരസമിതി ജില്ല നേതാക്കളായ പ്രഭാഷ്, അലീന എന്നിവരെ അറസ്റ്റ് ചെയ്തത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സൽമ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ സ്ത്രീകളും സമരമുഖത്ത് ഉണ്ടായിരുന്നു. പുരുഷ പൊലീസുകാർ സമരമുഖത്തുള്ള സ്ത്രീകളുടെ വസ്ത്രങ്ങൾ വലിച്ചു കീറിയതായി അവർ ആരോപിച്ചു. ഈ വിവരങ്ങൾ പുറത്തുവരാതിരിക്കാൻ ലൈവ് കൊടുത്തവരെ അറസ്റ്റ് ചെയ്യുകയും പ്രദേശവാസികളുടെ ഫോൺ പിടിച്ചുവാങ്ങുകയും ചെയ്തു.
എന്തു വില കൊടുത്തും താനാളൂർ പഞ്ചായത്തിൽ സിൽവർ ലൈൻ പദ്ധതി തടയുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സൽമ, ജില്ല പഞ്ചായത്ത് അംഗം വി.കെ.എം. ഷാഫി എന്നിവർ പറഞ്ഞു. താനാളൂർ പഞ്ചായത്തിലെ ജനപ്രതിനിധികൾ ചേർന്ന് കെ-റെയിൽ കല്ലുകൾ പൊലീസിന്‍റെ സാന്നിധ‍്യത്തിൽതന്നെ പറിച്ചെറിഞ്ഞു.
'അറസ്റ്റ് ചെയ്ത് ഭയപ്പെടുത്താമെന്ന് നോക്കേണ്ട'
താനാളൂർ: കെ-റെയിൽ കുറ്റിയടിക്കലുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളെയും പാർട്ടി നേതാക്കളെയും പ്രവർത്തകരെയും അറസ്റ്റ് ചെയ്ത പൊലീസ് നടപടിയിൽ താനൂർ നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധം രേഖപ്പെടുത്തി. യൂത്ത് ലീഗ് പ്രസിഡന്‍റ് നൗഷാദ് പറപ്പൂത്തടം, കെ. ഉവൈസ്, ടി. നിയാസ്, എ.പി. സൈദലവി, സിറാജ് കാളാട്, സൈദലവി തൊട്ടിയിൽ, പി.കെ. ഇസ്മായിൽ, പി. അയ്യൂബ്, ഇ.എം. ഷമീർ ചിന്നൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.