പുതിയ കെട്ടിടം പണി തീർന്നിട്ടും വാടകക്കെട്ടിടത്തിൽ; വീർപ്പുമുട്ടി അംഗൻവാടി കുരുന്നുകൾ
text_fieldsതാനാളൂർ: ജില്ല പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി പുതിയ കെട്ടിടമൊരുങ്ങിയിട്ടും വൈദ്യുതീകരണമടക്കമുള്ള പ്രവൃത്തികൾ വൈകുന്നത് കാരണം വാടകക്കെട്ടിടത്തിന്റെ പരിമിതികളിൽ വീർപ്പുമുട്ടുകയാണ് താനാളൂർ കെ.ടി. ജാറം അംഗൻവാടിയിലെ കുരുന്നുകളും അധ്യാപകരും. നേരത്തേ നിർമാണത്തിലിരിക്കുന്ന വീട്ടിലായിരുന്നു അംഗൻവാടി പ്രവർത്തിച്ചിരുന്നത്.
വീട്ടുകാർ സ്ഥലം ഒഴിയാൻ ആവശ്യപ്പെട്ടതോടെ മറ്റൊരു വാടക കെട്ടിടത്തിലേക്ക് മാറിയെങ്കിലും രണ്ടു മാസമായി വാടക കൊടുക്കാൻ കഴിയാത്ത സ്ഥിതി വന്നതോടെ കെട്ടിടം ഉടമസ്ഥർ ഇവിടെ നിന്നും ഒഴിയാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. അംഗൻവാടി ജീവനക്കാരും നാട്ടുകാരും ചേർന്നാണ് വാടക നൽകാനുള്ള പണം കണ്ടെത്തിയിരുന്നത്. അതും നിലച്ച മട്ടാണെന്നാണ് അംഗൻവാടി വർക്കർ ലൈല പറയുന്നത്. സ്ഥല പരിമിതി കാരണം മുറ്റത്ത് സൂക്ഷിച്ചിരുന്ന അംഗൻവാടിയുടെ അലമാരയടക്കമുള്ള ഉപകരണങ്ങൾക്ക് വേനൽമഴ വന്നതോടെ കേടുപാടുകൾ സംഭവിക്കാവുന്ന അവസ്ഥയാണ്. താൽക്കാലികമായി പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച് മറച്ചിരിക്കുകയാണ്.
ജില്ല പഞ്ചായത്ത് പദ്ധതിയിൽ അംഗൻവാടിക്കായി നിർമിച്ച സ്വന്തം കെട്ടിടത്തിന്റെ പ്രവൃത്തി പൂർത്തിയാകാത്തതും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതുമടക്കമുള്ള സാങ്കേതിക കാരണമാണ് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം വൈകുന്നതെന്നാണ് അധികൃതർ പറയുന്നത്. വൈദ്യുതീകരണ പ്രവൃത്തിയാണ് പ്രധാനമായും ഇനി ബാക്കിയുള്ളതെങ്കിലും ഇതിനായുള്ള ടെൻഡർ നടപടികൾ പോലും ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നാണ് അറിയാൻ കഴിയുന്നത്. വാടക കുടിശ്ശികയുടെ പേരിൽ നിലവിലെ കെട്ടിടത്തിൽ നിന്ന് പടിയിറക്കിയാൽ കുരുന്നുകളെയും കൊണ്ട് എന്തു ചെയ്യുമെന്ന നിസ്സഹായാവസ്ഥയിലാണ് അംഗൻവാടി ജീവനക്കാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.