മത്സ്യബന്ധനത്തിനിടെ യന്ത്രത്തകരാർ താനൂരിൽ കടലിൽ കുടുങ്ങിയ 45 പേരെ രക്ഷിച്ചു
text_fieldsതാനൂർ: കടലിൽ മത്സ്യബന്ധനത്തിനിടെ യന്ത്രം തകരാറിലായി കടലിൽ കുടുങ്ങിയ ഇൻബോഡ് വള്ളവും 45 തൊഴിലാളികളെയും ഫിഷറീസ് സുരക്ഷാ ബോട്ടിൽ രക്ഷപ്പെടുത്തി കരക്കെത്തിച്ചു. കഴിഞ്ഞദിവസം രാവിലെ താനൂർ ഹാർബറിൽനിന്നും മത്സ്യബന്ധനത്തിന് പോയ കോർമ്മൻ കടപ്പുറം സ്വദേശി പൗറകത്ത് മുഹമ്മദ് കുട്ടിയുടെ ഉടമസ്ഥതയിലുള്ള ‘സിറാജ്’ എന്ന ഇൻബോഡ് വള്ളമാണ് പ്രൊപ്പല്ലർ തകരാറിലായതിനെ തുടർന്ന് നിയന്ത്രണംവിട്ട് കടലിൽ ഒഴുകിയത്.
ഇതിൽ 45 തൊഴിലാളികളാണുണ്ടായിരുന്നത്. അപകടവിവരം ലഭിച്ചയുടൻ പൊന്നാനി ഫിഷറീസ് സ്റ്റേഷനിൽനിന്നും മറൈൻ എൻഫോഴ്സ്മെൻറും റസ്ക്യൂ ഗാർഡുമാരും സുരക്ഷാ ബോട്ടുമായി പുറപ്പെട്ട് ഇവരെ സുരക്ഷിതമായി പൊന്നാനി ഹാർബറിൽ എത്തിക്കുകയായിരുന്നു.
ഫിഷറീസ് അസി. ഡയറക്ടർ വി. സുനീറിന്റെ നിർദേശമനുസരിച്ച് മറൈൻ എൻഫോഴ്സ്മെന്റ് സീനിയർ സിവിൽ പൊലീസ് ഓഫിസർ സെമീറലി, സി.പി.ഒമാരായ റിതുൽ രാജ്, ശരൺ കുമാർ റസ്ക്യൂ ഗാർഡുമാരായ അൻസാർ, അലി അക്ബർ, അബ്ദുറഹിമാൻ കുട്ടി, നൗഷാദ്, മുസ്തഫ, ബോട്ട് ജീവനക്കാരായ യൂനസ്, ലുഖ്മാൻ, മുനീർ, ബഷീർ എന്നിവരാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.
കടൽക്ഷോഭത്തിൽ വള്ളം മറിഞ്ഞു
താനൂർ: താനൂരിൽ കടൽക്ഷോഭത്തിൽ വള്ളം മറിഞ്ഞു. ചീരാൻ കടപ്പുറത്തെ എ.പി. ഷാഫിയുടെ നാടൻ വള്ളമാണ് തുറമുഖത്തിന് സമീപം രാവിലെ 8.40ന് മറിഞ്ഞത്. മത്സ്യബന്ധനം കഴിഞ്ഞ് മീനുമായി വരുന്നതിനിടെ ശക്തമായ തിരമാലയിൽ തട്ടിയാണ് മറിഞ്ഞത്. എൻജിൻ, വല, അനുബന്ധ ഉപകരണങ്ങൾ എന്നിവ കടലിൽ മുങ്ങി. വള്ളത്തിലുണ്ടായിരുന്ന നാലുപേരെയും മത്സ്യ തൊഴിലാളികളും ഫിഷറീസ് മറൈൻ എൻഫോഴ്സ് മെന്റിന്റെ നേതൃത്വത്തിൽ റസ്ക്യൂ ഗാർഡുമാരും ചേർന്ന് രക്ഷപ്പെടുത്തി. ശക്തമായ തിരമാലകൾ കാരണം മറിഞ്ഞതോണി കരക്കെത്തിക്കാൻ കഴിഞ്ഞില്ല. ഏകദേശം രണ്ട് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.