വിനീതിന്റെ ബോൾ പോയന്റ് പേനയിൽ വിരിയുന്നത് വർണ ചിത്രങ്ങൾ
text_fieldsതാനൂർ: കാട്ടിലങ്ങാടി സ്വദേശി വിനീത് വിശ്വനാഥെൻറ (28) വ്യത്യസ്ത നിറങ്ങളിലുള്ള ബോൾ പോയൻറ് പേനയിൽ വിരിയുന്നത് മനോഹര ചിത്രങ്ങൾ. നാലാം ക്ലാസിൽ പഠിക്കുന്ന സമയത്ത് പാഠപുസ്തകങ്ങളിലും കുട്ടികളുടെ മാസികകളിലും കണ്ട ചിത്രങ്ങൾ വരച്ചാണ് ഇദ്ദേഹം ചിത്രകലയുടെ രംഗത്തെത്തിയത്.
സമീപവാസിയായ ആർട്ടിസ്റ്റ് ഇഖ്ബാലിനടുത്തുനിന്നും ചിത്രരചനയുടെ ബാലപാഠങ്ങൾ പഠിച്ച് വരയുടെ ലോകത്ത് സജീവമായി. 2011ൽ തിരൂർ ഫൈൻ ആർട്സ് കോളജിൽ ചിത്രരചന ശാസ്ത്രീയമായി അഭ്യസിക്കാൻ പോയെങ്കിലും കുടുംബത്തിെൻറ സാമ്പത്തികാവസ്ഥ പഠനം തുടരാൻ അനുവദിച്ചില്ല. പഠനം പാതി ഉപേക്ഷിച്ച് ഒഴൂർ ഓണക്കാട് തയ്യൽ കട തുറന്നു. പിന്നീട് ജോലി ചെയ്യുന്നതിനിടെ ലഭിക്കുന്ന ഒഴിവുവേളകൾ ഉപയോഗപ്പെടുത്തിയായി വര. രാമനാട്ടുകര സ്വദേശി തൂലി ചിത്രകാരൻ ഷാജി സുബ്രഹ്മണ്യനെ പരിചയപ്പെട്ടതോടെ ശൈലിയിൽ വലിയ മാറ്റം വന്നു. വിവിധ നിറത്തിലുള്ള പേനകൾ ഉപയോഗിച്ച് കുത്തുകളിലൂടെയും നേർവരകളിലൂടെയും മനോഹരമായ ചിത്രങ്ങളാണ് ഒരുക്കിയത്.
രാധാകൃഷ്ണ പ്രണയം, ശിവൻ, ഗണപതി, ഹനുമാൻ തുടങ്ങി പുരാണ മിത്തുകളെ അടിസ്ഥാനപ്പെടുത്തി ഒട്ടേറെ ചിത്രങ്ങൾക്ക് ജീവൻ നൽകിയിട്ടുണ്ട്. എഴുത്തുകാരായ എം.ടി. വാസുദേവൻ നായർ, ഒ.വി. വിജയൻ, പി. പത്മരാജൻ, നടന്മാരായ മമ്മൂട്ടി, മോഹൻലാൽ, ദുൽഖർ സൽമാൻ, ഹൃത്വിക് റോഷൻ തുടങ്ങിയവരെ പേനക്കുത്തുകളിലൂടെയാണ് വരച്ചിട്ടുള്ളത്.
ഡൽഹി കേന്ദ്രീകരിച്ച കളേഴ്സ് ഓഫ് ആർട് എന്ന ഗ്രൂപ്പിെൻറ നേതൃത്വത്തിൽ നടന്ന മത്സരത്തിൽ മികച്ച ചിത്രകാരനായി വിനീതിനെ തെരഞ്ഞെടുത്തിട്ടുണ്ട്. 2019ൽ കോഴിക്കോട് ലളിതകലാ അക്കാദമി ഹാളിൽ ചിത്ര സഞ്ചാരം എന്ന പേരിൽ നടത്തിയ ചിത്രപ്രദർശനത്തിൽ ഇദ്ദേഹത്തിെൻറ ചിത്രങ്ങളും ഇടംപിടിച്ചിരുന്നു. സരസ്വതിയാണ് മാതാവ്. പിതാവ്: പരേതനായ വിശ്വനാഥൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.