താനൂർ സാമൂഹികാരോഗ്യകേന്ദ്രം കെട്ടിട നിർമാണം; 10 കോടി കൂടി ഭരണാനുമതിയായി
text_fieldsതാനൂർ: സാമൂഹികാരോഗ്യ കേന്ദ്രത്തെ താലൂക്ക് ആശുപത്രിയായി ഉയർത്തുന്നതിന്റെ ഭാഗമായി നടത്തുന്ന കെട്ടിട നിർമാണ പ്രവൃത്തിയുടെ രണ്ടാംഘട്ടത്തിന് 10 കോടി രൂപയുടെ കൂടി ഭരണാനുമതി ലഭിച്ചു. ഒന്നാംഘട്ടമായി നേരത്തേ അനുവദിച്ച 12.38 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങൾ ഇവിടെ നടന്നുവരുകയാണ്. പദ്ധതി പൂർത്തിയാക്കുമ്പോൾ 40,000 ചതുരശ്രയടി വിസ്തൃതിയുള്ള തീരദേശത്തെ ഏറ്റവും വലിയ ആശുപത്രിയായി ഇത് മാറും. എല്ലാവിഭാഗം രോഗികൾക്കും ആശ്രയിക്കാവുന്ന ആതുര ശുശ്രൂഷാകേന്ദ്രമാക്കി മാറ്റുന്നതിനായാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ഇതേ ആശുപത്രിയിൽ ഫിഷറീസ് വകുപ്പിന്റെ പ്ലാൻഫണ്ടിൽനിന്ന് 2.5 കോടി ചെലവഴിച്ച് നിർമിക്കുന്ന ഡയാലിസിസ് സെന്ററിന്റെ നിർമാണവും പുരോഗമിക്കുകയാണ്. താനൂർ താലൂക്ക് ആശുപത്രിയുടെ നിർമാണം പൂർത്തിയാകുന്നതോടെ താനൂർ മണ്ഡലത്തിലെ ജനങ്ങൾക്കുപുറമെ വള്ളിക്കുന്ന്, തിരൂരങ്ങാടി, തിരൂർ, തവനൂർ മണ്ഡലങ്ങളിലെ തീരദേശത്തുള്ളവർക്കും മറ്റും ആശ്രയിക്കാനാവുന്ന മികച്ച ആരോഗ്യകേന്ദ്രമാക്കി ഇതിനെ മാറ്റാനാകുമെന്നാണ് പ്രതീക്ഷ. പ്രത്യേകം സർവേ നടത്തിയായിരുന്നു ആശുപത്രിയുടെ മാസ്റ്റർ പ്ലാൻ തയാറാക്കിയത്.
എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം താനൂരിന്റെ ആരോഗ്യമേഖലക്ക് വലിയ പ്രാധാന്യമാണ് ലഭിച്ചിട്ടുള്ളതെന്നും താനൂർ സാമൂഹികാരോഗ്യ കേന്ദ്രം ഈ സർക്കാറിന്റെ കാലത്തുതന്നെ നിർമാണം പൂർത്തീകരിച്ച് ജനങ്ങൾക്കായി സമർപ്പിക്കുമെന്നും മന്ത്രി വി. അബ്ദുറഹിമാൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.