കൂസലില്ലാതെ ലഹരിസംഘങ്ങൾ
text_fieldsതാനൂർ: നാടും നഗരവും ലഹരി മാഫിയ സംഘങ്ങളുടെ കൈപ്പിടിയിലമരുമ്പോഴും അധികൃതരുടെ ഭാഗത്തുനിന്ന് കാര്യക്ഷമമായ നടപടിയില്ലെന്ന് പരാതിയുയരുന്നു. ലഹരി മാഫിയ സംഘങ്ങൾ തമ്മിലുണ്ടാകുന്ന അക്രമങ്ങൾ ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ്.
കൂടാതെ നാട്ടുകാർക്ക് നേരെയും ഇവർ ആക്രമണങ്ങൾ അഴിച്ചുവിടുന്നു. കഴിഞ്ഞദിവസം മൂച്ചിക്കലിൽ ലഹരി സംഘം നാട്ടുകാരെ ഉപദ്രവിക്കുന്നത് ചോദ്യം ചെയ്ത പൊതുപ്രവർത്തകർക്ക് മർദനമേറ്റിരുന്നു. സി.പി.എം ഏരിയ കമ്മിറ്റി അംഗം ശിവദേവ ചക്രവർത്തി, താനാളൂർ ലോക്കൽ കമ്മിറ്റി അംഗം ടി.വി. അംജദ്, ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് പി.പി. രതീഷ്, ഫ്രറ്റേണിറ്റി മുൻ ജില്ല വൈസ് പ്രസിഡന്റ് സൽമാനുൽ ഫാരിസ്, ലെനിൻ, സുഫൈൽ, ജുനൈദ്, സഹുദ് എന്നിവരെയാണ് മൂച്ചിക്കൽ സ്വദേശികളായ ലഹരിമാഫിയ സംഘം അക്രമിച്ചത്.
പ്രദേശത്ത് എം.ഡി.എം.എ അടക്കമുള്ള ലഹരിമരുന്നുകളുടെ ഉപഭോഗവും വിപണനവും നിർബാധം നടക്കുന്നുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ലഹരി ഉപയോഗിക്കുന്നവരുടെ ശല്യം കാരണം സ്ത്രീകളടക്കമുള്ളവർക്ക് വഴി നടക്കാനാകാത്ത സാഹചര്യമാണ്.
ഇതിനിടെയാണ് ഇവർക്കെതിരെ പ്രതികരിച്ച സി.പി.എം, ഡി.വൈ.എഫ്.ഐ, ഫ്രറ്റേണിറ്റി നേതാക്കളടക്കമുള്ള പൊതുപ്രവർത്തകർക്കുനേരെ അക്രമമുണ്ടാകുന്നത്. പല കേസുകളിലും പിടിയിലാകുന്ന ലഹരിസംഘം അംഗങ്ങൾക്കെതിരെ കടുത്ത നടപടിയുണ്ടാകാത്തതാണ് ഇവരുടെ സ്വൈരവിഹാരത്തിന് വഴിയൊരുക്കുന്നത്.
കഴിഞ്ഞദിവസം സി.പി.എം നേതാക്കളടക്കമുള്ളവർക്ക് മർദനമേറ്റതിന്റെ പശ്ചാത്തലത്തിൽ പ്രദേശത്തെ മയക്കുമരുന്ന് വിൽപനയും ഉപഭോഗവും അവസാനിപ്പിക്കാൻ അധികൃതരുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഭരണകക്ഷിയായ സി.പി.എം തന്നെ രംഗത്തുവന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.