താനൂരിൽ സ്റ്റേഡിയങ്ങൾ നാലെണ്ണം; സ്കൂൾ കായികമേളക്ക് തിരൂരിലെ സ്റ്റേഡിയം തന്നെ ശരണം
text_fieldsതാനൂർ: അന്താരാഷ്ട്ര നിലവാരത്തിലുള്ളതെന്ന അവകാശ വാദവുമായി നാല് പുത്തൻ സ്റ്റേഡിയങ്ങൾ പണി പൂർത്തീകരിച്ച് നാടിന് സമർപ്പിച്ചെങ്കിലും ഉപജില്ലതല കായികമേള തുടർച്ചയായ വർഷങ്ങളിലും തിരൂർ മുനിസിപ്പൽ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ നടത്തേണ്ടി വരുന്നത് വിമർശനത്തിനിടയാക്കുന്നു.
കൊട്ടിഘോഷിച്ച് ഉദ്ഘാടനം കഴിഞ്ഞ പല സ്റ്റേഡിയങ്ങളും ശോച്യാവസ്ഥയിലാണ്. അത്യാവശ്യം സൗകര്യങ്ങളുള്ളയിടത്താണെങ്കിൽ സാങ്കേതിക കാരണങ്ങളാൽ കായിക മേളകൾ നടത്താൻ അനുയോജ്യമല്ലാത്ത സ്ഥിതിയുമാണ്.
നിലവിൽ നവീകരണ പ്രവൃത്തികൾ പുരോഗമിക്കുന്ന ദേവധാർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പദ്ധതിയുടെ ഭാഗമായുള്ള വിശാലമായ കളിസ്ഥലം നിലവിൽ വരുന്നതോടെ സ്കൂൾ തല, ഉപജില്ല തല കായിക മേളകൾക്ക് തിരൂർ
സ്റ്റേഡിയത്തെ ആശ്രയിക്കുന്നത് അവസാനിപ്പിക്കാനാകുമെന്നാണ് കരുതുന്നത്. എന്നാൽ നിലവിലുള്ള കളിസ്ഥലങ്ങളിൽ സൗകര്യങ്ങൾ മെച്ചപ്പെടുത്തി കായികമേളകൾക്ക് ഉപയോഗപ്പെടുത്തുകയാണ് വേണ്ടതെന്നാണ് നാട്ടുകാർ പറയുന്നത്.
തിരൂരിൽ നടത്തുന്നതെന്തിനെന്ന് യൂത്ത് ലീഗ്
താനൂർ: മണ്ഡലത്തിൽ നാല് അന്താരാഷ്ട്ര സ്റ്റേഡിയങ്ങൾ ഉണ്ടെന്ന് മേനിപറയുന്ന കായികമന്ത്രിയുടെ മണ്ഡലമായ താനൂരിൽ ഉപജില്ല സ്കൂൾ കായികമേളക്ക് ഈ സ്റ്റേഡിയങ്ങൾ ഉപയോഗിക്കാനാകാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് താനൂർ നിയോജകമണ്ഡലം കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
താനൂരിൽ പണി പൂർത്തീകരിച്ച സ്റ്റേഡിയങ്ങളുടെ പേരിൽ മന്ത്രി പ്രചരിപ്പിച്ചത് മുഴുവൻ നുണയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും യുവാക്കളെയും കായികതാരങ്ങളെയും പറഞ്ഞുപറ്റിച്ച മന്ത്രി മാപ്പ് പറയാൻ തയാറാവണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.
വർഷങ്ങളായി ഭൂമി തരം മാറ്റൽ പോലും നടത്താൻ കഴിയാതെ പട്ടരുപറമ്പ് സ്റ്റേഡിയം വേണ്ട രീതിയിൽ ഉപയോഗപ്പെടുത്താനാകാത്ത നിലയിലാണുള്ളതെന്നും മുഴുവൻ സ്റ്റേഡിയങ്ങളും വേണ്ട സൗകര്യങ്ങളേർപ്പെടുത്തി കായികതാരങ്ങൾക്കും യുവാക്കൾക്കുമായി തുറന്നുകൊടുക്കണമെന്നും മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
യോഗത്തിൽ നൗഷാദ് പറപ്പൂത്തടം, ഉബൈസ് കുണ്ടുങ്ങൽ, ടി. നിയാസ്, എ.പി. സൈതലവി, സൈദലവി തൊട്ടിയിൽ, എ.എം. യൂസഫ്, പി. അയൂബ്, സമീർ ചിന്നൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.