എം.എൽ.എ ഹോസ്റ്റലിലെ അടുപ്പം; പി. ജയരാജനും കുട്ടി അഹമ്മദ് കുട്ടിക്കും താനൂരിൽ സ്നേഹസംഗമം
text_fieldsതാനൂർ: രാഷ്ട്രീയ ഭിന്നതകൾക്കും നിലപാടുകൾക്കുമപ്പുറം സുഹൃദ് ബന്ധങ്ങൾ തകരാതെ കാത്തുസൂക്ഷിക്കുന്ന രണ്ട് നേതാക്കളുടെ അപ്രതീക്ഷിത കൂടിക്കാഴ്ചക്ക് വേദിയായി താനൂർ ബീച്ച് റോഡിലെ മാസ്റ്റേഴ്സ് ഹൗസ്. രണ്ട് പതിറ്റാണ്ടിലേറെ കാലമായുള്ള വ്യക്തിബന്ധമാണ് സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജനും മുസ്ലിം ലീഗിന്റെ മുതിർന്ന നേതാവും മുൻ മന്ത്രിയുമായ കുട്ടി അഹമ്മദ് കുട്ടിയും തമ്മിലുള്ളത്.
കഴിഞ്ഞ ദിവസം താനൂർ കണ്ണന്തളിയിലെ സി.പി.എം ബ്രാഞ്ച് ഓഫിസ് ഉദ്ഘാടനത്തിനെത്തിയ പി. ജയരാജൻ പരിപാടിക്ക് ശേഷം വിശ്രമിക്കവെ സഹപ്രവർത്തകരോട് കുട്ടി അഹമ്മദ് കുട്ടിയുടെ വിശേഷങ്ങൾ തിരക്കി. ആരോഗ്യപരമായ കാരണങ്ങളാൽ വീട്ടിൽ വിശ്രമ ജീവിതത്തിലാണെന്നറിഞ്ഞ ജയരാജൻ അദ്ദേഹത്തെ വീട്ടിലെത്തി കാണുകയായിരുന്നു.
2001ൽ പി. ജയരാജൻ കൂത്തുപറമ്പ് എം.എൽ.എയും കുട്ടി അഹമ്മദ് കുട്ടി തിരൂരങ്ങാടി എം.എൽ.എയുമായിരുന്ന സമയത്ത് ഇരുവരുടെയും താമസം എം.എൽ.എ ഹോസ്റ്റലിലെ തൊട്ടടുത്ത മുറികളിലായിരുന്നു.
കൂടുതൽ അടുത്തറിയാനും സൗഹൃദം സ്ഥാപിക്കാനും നിമിത്തമായ എം.എൽ.എ ഹോസ്റ്റലിലെ അയൽപക്ക ബന്ധം രണ്ട് പതിറ്റാണ്ടിനിപ്പുറവും സജീവമായി കൊണ്ടുനടക്കുന്ന ഇരുവരുടെയും സംഗമം വീട്ടുകാർക്കും അണികൾക്കും വേറിട്ട കാഴ്ചയാണ് സമ്മാനിച്ചത്. ജയരാജനെ വളരെ സ്നേഹത്തോടെ ചേർത്തുപിടിച്ചാണ് കുട്ടി അഹമ്മദ് കുട്ടി സ്വീകരിച്ചത്. ഏറെ നേരത്തെ സൗഹൃദം പങ്കിടലിനും സ്നേഹവിരുന്നിനും ശേഷമാണ് ഇരുവരും പിരിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.