ത്വാഹ ബീച്ചിലെ കിണർ മണ്ണിട്ട് മൂടണമെന്ന്
text_fieldsതാനൂർ: നഗരസഭയിലെ ത്വാഹാ ബീച്ചിൽ കിണർ ഉപയോഗശൂന്യമായി കിടക്കുന്നത് നാട്ടുകാർക്ക് ദുരിതം തീർക്കുന്നെന്നും താൽക്കാലിക വൃത്തിയാക്കലുകൾക്കപ്പുറം കിണർ മണ്ണിട്ടു മൂടുകയോ പൊളിച്ചുമാറ്റുകയോ വേണമെന്നും പ്രദേശവാസികൾ വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു. താനൂർ പഞ്ചായത്തായിരുന്ന കാലത്ത് മത്സ്യഗ്രാമം പദ്ധതിയുടെ ഭാഗമായി നിർമാണം തുടങ്ങിയ കിണറിന്റെ പ്രവൃത്തി സ്ഥലത്തിന്റെ അവകാശികളുമായുള്ള തർക്കങ്ങൾ കാരണം മുടങ്ങുകയായിരുന്നു. പിന്നീട് മാലിന്യം നിറഞ്ഞ് ഉപയോഗശൂന്യമായി. കിണറിൽനിന്നും മഴക്കാലമായതോടെ അസഹ്യമായ ദുർഗന്ധമാണ് വരുന്നത്. കിണർ പൊളിച്ചുമാറ്റുകയോ മണ്ണിട്ട് മൂടുകയോ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കിണറിന് തൊട്ടടുത്തുള്ള വീട്ടുകാരുടെ കിണറിലെ വെള്ളത്തിനും നിറംമാറ്റവും ദുർഗന്ധവും കാരണം വെള്ളം ഉപയോഗിക്കാൻ കഴിയുന്നില്ല.
പരിസരത്തുള്ള വീട്ടുകാർക്ക് പനിയും ഛർദ്ദിയും പിടിപെട്ടതിന് കാരണം കിണറിൽ നിന്നുള്ള മാലിന്യമാണെന്നും പരാതിയുണ്ട്. മത്സ്യത്തൊഴിലാളികൾ തിങ്ങി താമസിക്കുന്ന പ്രദേശത്ത് പകർച്ചവ്യാധികൾ പടരാനുള്ള സാധ്യത ഏറെയാണ്. കിണർ പൊളിച്ചുമാറ്റുകയോ മണ്ണിട്ട് മൂടുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാർ നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർക്കും മറ്റും പരാതി നൽകിയെങ്കിലും നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്റെ ഡിവിഷൻ ആയിട്ടും പരാതിക്ക് ശാശ്വത പരിഹാരമുണ്ടാക്കുന്നതിന് പകരം താൽക്കാലിക വൃത്തിയാക്കൽ മാത്രം നടത്തി ഉത്തരവാദിത്തത്തിൽനിന്നും ഒഴിഞ്ഞുമാറുകയാണ് നഗരസഭയെന്നും ഇവർ പറയുന്നു.
റേഷൻകടയിൽ മഴവെള്ളം കയറി നശിച്ച 20 ചാക്ക് അരി കുഴിച്ച് മൂടിയിരിയിരിക്കുന്നതും ഈ കിണറിന് തൊട്ടടുത്താണ്. ആരോഗ്യവകുപ്പ് മന്ത്രിക്കും ജില്ല കലക്ടർക്കും പരാതി നൽകിയിട്ടുണ്ട്. വാർത്ത സമ്മേളനത്തിൽ പ്രദേശവാസികളായ ഐ.എൻ.എൽ ജില്ല സെക്രട്ടറിയും താലൂക്ക് വിജിലൻസ് സമിതി അംഗവുമായ എ.കെ. സിറാജ്, റാഫി സഖാഫി, കെ. തൻവീർ കോട്ടിലകത്ത് എന്നിവർ പങ്കെടുത്തു.
കിണറിലെ മാലിന്യം നീക്കി -ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ
താനൂർ: ത്വാഹ ബീച്ചിലെ മാലിന്യം നിറഞ്ഞ കിണർ പ്രദേശവാസികൾക്ക് പ്രയാസം സൃഷ്ടിക്കുന്നുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിൽ നഗരസഭ ജെ.സി.ബി ഉപയോഗിച്ച് മാലിന്യം നീക്കി ശുചീകരിച്ചിട്ടുണ്ടെന്നും വേനൽക്കാലമാകാതെ കിണർ മുഴുവനായും ശുചീകരിക്കുന്നതിന് പ്രായോഗിക പ്രയാസങ്ങളുണ്ടെന്നും ഡിവിഷനിൽ നിന്നുള്ള കൗൺസിലറും നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷനുമായ കെ.പി.സി. അക്ബർ അറിയിച്ചു. നിർമാണ പ്രവൃത്തി നടത്തുന്നതിന് നിലവിൽ കോടതിയുടെ സ്റ്റേ ഓർഡറുള്ളതിനാലാണ് കിണറുമായി ബന്ധപ്പെട്ട തീരുമാനം വൈകുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.