മാലിന്യം നിറഞ്ഞ് താനൂർ മത്സ്യബന്ധന തുറമുഖം
text_fieldsതാനൂർ: പ്രവൃത്തി പൂർത്തിയാക്കാത്ത താനൂർ മത്സ്യബന്ധന തുറമുഖവും പരിസരവും വൃത്തിഹീനമായ നിലയിൽ തുടരുമ്പോഴും പൊതുജനങ്ങൾക്കും വാഹനങ്ങൾക്കും പ്രവേശന ഫീ ചുമത്തി പിരിച്ചെടുക്കാനുള്ള ഒരുക്കം പൂർത്തിയാകുന്നു. ദിവസേന ആയിരങ്ങൾ വരുന്ന ജില്ലയിലെ പ്രധാന മത്സ്യബന്ധന തുറമുഖങ്ങളിലൊന്നായ താനൂരിൽ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും പരിസര ശുചിത്വമില്ലായ്മയും പരിഹരിക്കുന്നതിന് പകരം ധൃതിപിടിച്ച് പ്രവേശന ഫീ ഏർപ്പെടുത്തി ജനങ്ങളെ ചൂഷണം ചെയ്യുകയാണ് അധികൃതരെന്നതാണ് നാട്ടുകാരുടെ പരാതി.
തുറമുഖ പരിസരത്താകെ മലിനജലം കെട്ടിക്കിടക്കുന്നത് ഒഴിവാക്കാൻ വേണ്ട ഡ്രെയിനേജ് സംവിധാനങ്ങളുടെ പ്രവൃത്തി എങ്ങുമെത്തിയിട്ടില്ല. വർഷങ്ങളായുള്ള മത്സ്യമാലിന്യവും മലിന ജലവും പ്ലാസ്റ്റിക് മാലിന്യവുമുൾപ്പെടെയുള്ളവ തുറമുഖത്താകെ പരന്നുകിടക്കുകയാണ്. ഇതുകാരണം പരിസരവാസികൾ നേരിടുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങളാണ്. ഹാർബർ എൻജിനീയറിങ് വകുപ്പ് ശുചീകരണ പ്രവർത്തനം നടത്താനോ ആധുനിക സംവിധാനം ഉപയോഗിച്ച് മാലിന്യസംസ്കരണ പ്ലാന്റ് സ്ഥാപിക്കാനോ യാതൊരു നടപടിയുമെടുക്കുന്നില്ല.
തുറമുഖത്തേക്ക് വരുന്ന പൊതുജനങ്ങൾക്ക് ശുചിമുറികളോ കുടിവെള്ളമോ തുറമുഖത്തൊരുക്കിയിട്ടില്ല. മത്സ്യത്തൊഴിലാളികൾക്ക് അവരുടെ യാനങ്ങളിൽ ആവശ്യമായ ഇന്ധനം നിറക്കാനുള്ള പെട്രോൾ പമ്പ് തുറമുഖം പദ്ധതിയുടെ ഭാഗമാണെങ്കിലും അതും സ്ഥാപിക്കാൻ സർക്കാറിനായിട്ടില്ല. ആവശ്യമായത്ര ലൈറ്റുകൾ പോലും സ്ഥാപിച്ചിട്ടില്ല. ഇതിനൊന്നും പരിഹാരം കാണാതെയുള്ള പ്രവേശന ഫീ പിരിവ് വ്യാപകമായ പ്രതിഷേധത്തിനിടയാക്കിയിരുന്നു. പ്രതിഷേധങ്ങൾക്കിടയിലും ഫീ പിരിക്കാൻ കരാറെടുത്തവർ പിരിവ് ആരംഭിക്കാനുള്ള സംവിധാനങ്ങളെല്ലാം പൂർണസജ്ജമാക്കി തൊട്ടടുത്തദിവസങ്ങളിൽ തന്നെ പിരിവ് തുടങ്ങാനിരിക്കുകയാണ്.
മുസ്ലിം ലീഗടക്കമുള്ള പ്രതിപക്ഷകക്ഷികൾ ശക്തമായ സമരപരിപാടികളുമായി സജീവമാണെങ്കലും ഫീ പിരിവിന്റെ കരാറെടുത്തത് യു.ഡി.എഫിലെ മുഖ്യ ഘടകകക്ഷിയുടെ പ്രാദേശിക നേതാക്കളും ഉന്നതനേതാക്കളുമായി അടുത്തബന്ധം പുലർത്തുന്നവരുമാണെന്നത് യു.ഡി.എഫിനുള്ളിലും ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. വൻതോതിൽ ജനരോഷം ക്ഷണിച്ചുവരുത്താനിടയുള്ള ഇത്തരം ഫീ പിരിവിനായി കരാറെടുക്കുന്നതിന് മുമ്പ് മുന്നണിയിലടക്കം വിശദമായ ചർച്ചകൾ വേണ്ടതായിരുന്നുവെന്ന അഭിപ്രായവും നേതാക്കൾക്കിടയിലുണ്ട്.
യു.ഡി.എഫ് മാർച്ച് നാളെ
താനൂർ: പണി പൂർത്തീകരിക്കാത്ത മത്സ്യബന്ധന തുറമുഖത്തിലെ മാലിന്യ പ്രശ്നങ്ങളടക്കമുള്ളവ പരിഹരിക്കുക പോലും ചെയ്യാതെ ടോൾ കൊള്ള നടത്താനൊരുങ്ങുന്നതിനെതിരെ താനൂർ നിയോജകമണ്ഡലം യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശനിയാഴ്ച വൈകുന്നേരം മൂന്നിന് താനൂർ മത്സ്യബന്ധന തുറമുഖത്തിലേക്ക് മാർച്ച് നടത്തും. മാർച്ച് താനൂർ ബസ് സ്റ്റാൻഡ് പരിസരത്തുനിന്നും ആരംഭിക്കും.
ഹാർബർ എൻജിനിയറിങ് വകുപ്പിന് നോട്ടീസ് നൽകി നഗരസഭ
താനൂർ: ഹാർബറിലെ മാലിന്യപ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് താനൂർ നഗരസഭ ഹാർബർ എൻജിനിയറിങ് വകുപ്പിന് വീണ്ടും നോട്ടീസ് നൽകി. രോഗം പടർന്നുപിടിക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ. മീൻ മാലിന്യവും മലിനജലവും പ്ലാസ്റ്റിക് മാലിന്യവും ഹാർബാറിൽ ഉണ്ടെന്ന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് നഗരസഭ ആരോഗ്യവിഭാഗം ക്ലീൻസിറ്റി മാനേജർ സക്കീർ ഹുസൈന്റെ നേതൃത്വത്തിൽ ഹാർബറിൽ പരിശോധന നടത്തിയത്. രൂക്ഷമായ മാലിന്യമാണ് ഹാർബറിൽ അടിഞ്ഞുകൂടിയിരിക്കുന്നതെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ രോഗം പടർന്നുപിടിക്കാതിരിക്കാൻ ഹാർബറിലെ മാലിന്യപ്രശ്നം ഉടൻ പരിഹരിച്ച് രേഖാമൂലം അറിയിക്കണമെന്നാണ് നഗരസഭ നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. സെപ്റ്റംബർ ഒമ്പതിനാണ് താനൂർ നഗരസഭ ഹാർബർ എൻജിനീയറിങ്ങിന് ആദ്യ നോട്ടീസ് നൽകിയത്. നോട്ടീസിലെ ആവശ്യത്തിന് പരിഹാരം ഇല്ലാത്തതിനെ തുടർന്നാണ് നഗരസഭ വ്യാഴാഴ്ച നോട്ടീസ് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.