താനൂർ ബ്ലോക്ക് ജങ്ഷൻ പാലം പുനർനിർമാണത്തിന് ഭരണാനുമതി
text_fieldsതാനൂർ: താനൂരിൽനിന്ന് തീരദേശ ഹൈവെയിലേക്കും ഫിഷിങ് ഹാർബർ, വിനോദ സഞ്ചാര കേന്ദ്രമായ ഒട്ടുംപുറം തൂവൽതീരം എന്നിവിടങ്ങളിലേക്കുമെത്താനുള്ള പ്രധാന പാലമായ താനൂർ ബ്ലോക്ക് ജങ്ഷൻ പാലം പുനർനിർമാണത്തിന് ഭരണാനുമതിയായി. നിലവിൽ ഒട്ടേറെ വാഹനങ്ങൾ കടന്നുപോകുന്ന പാലത്തിന് വീതി കുറവാണെന്നത് കണക്കിലെടുത്താണ് പുനർനിർമിക്കുന്നത്.
താനൂർ ജങ്ഷനിൽനിന്ന് തീരദേശത്തേക്കുള്ള പ്രധാന പാലമായിരുന്ന ബ്രിട്ടീഷുകാർ നിർമിച്ച താനൂർ അങ്ങാടിപ്പാലത്തിന്റെ പുനർനിർമാണത്തിന് അനുവദിച്ചിരുന്ന ഫിഷിങ് ഹാര്‍ബര്‍ പാലം പദ്ധതി പ്രായോഗികമായി നടപ്പാക്കാനാകാതെ വന്നതോടെ പകരമായാണ് ഈ പദ്ധതി പരിഗണിക്കാന്‍ തീരുമാനിച്ചത്.
തീരദേശ ഹൈവെയുടെ നിർമാണം കൂടി പൂർത്തിയാകുന്നതോടെ ഇതുവഴി ഗതാഗതം ഇരട്ടിയാകും.
താനൂർ അങ്ങാടിപ്പാലം കാലപ്പഴക്കത്താൽ അപകടാവസ്ഥയിലാകുകയും പാർശ്വഭിത്തികൾ ഇടക്കിടെ തകരുന്നത് പതിവാകുകയും ചെയ്തതോടെ വലിയ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതും ബ്ലോക്ക് ജങ്ഷൻ പാലം വഴിയുള്ള ഗതാഗതം വർധിക്കാൻ കാരണമായിട്ടുണ്ട്.
നിലവിലുള്ള പാലത്തിന് സമാന്തരമായായിരിക്കും പുതിയ പാലം നിർമിക്കുക. പാലം പുനര്‍നിർമാണത്തിന് 17.35 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്.
സംസ്ഥാന, ദേശീയ മാനദണ്ഡങ്ങളനുസരിച്ചുള്ള ഉയരത്തിലും വീതിയിലുമായിരിക്കും പാലം നിർമാണം. പദ്ധതി യാഥാർഥ്യമാകുന്നതോടെ താനൂർ ബ്ലോക്ക് ജങ്ഷൻ വികസനത്തിനും വഴിയൊരുങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.