കടൽ കണ്ടും പാട്ടുപാടിയും വേദനകളെ അലിയിച്ച് അവരൊത്തുകൂടി
text_fieldsതാനൂർ: തൂവൽ തീരത്ത് കിടപ്പുരോഗികളുടെ സംഗമമൊരുക്കി ‘ഹസ്തം’ പെയിൻ ആൻഡ് പാലിയേറ്റിവ് പ്രവർത്തകർ. ഒരുദശകമായി താനാളൂർ വട്ടത്താണി ആസ്ഥാനമായി പ്രവർത്തിക്കുന്ന പാലിയേറ്റിവ് ക്ലിനിക്കിലെ അമ്പതോളം കിടപ്പുരോഗികളാണ് സംഗമത്തിന്റെ ഭാഗമായി താനൂർ തൂവൽ തീരത്ത് കടൽ കാണാനെത്തിയത്. ചികിത്സയുടെ ഭാഗമായി വീടിന്റെ നാലു ചുവരുകൾക്കിടയിൽ കഴിയുന്നവരായിരുന്നു സംഗമത്തിനെത്തിയവരിൽ പലരും.
ജീവിതത്തിൽ ആദ്യമായോ നീണ്ട കാലയളവിന് ശേഷം മാത്രമോ കടൽ കാണാനായവരായിരുന്നു ഭൂരിഭാഗം പേരും. തൂവൽ തീരത്ത് താൽക്കാലികമായി തയാറാക്കിയ വേദിയിൽ പാട്ടുപാടിയും അനുഭവങ്ങൾ പറഞ്ഞും ഒത്തുകൂടിയത് വേറിട്ട അനുഭവമായി. കടൽ കാണാനെത്തിയ നിരവധി പേർ സംഗമത്തിന് പിന്തുണയുമായെത്തി. പലരും സംഗമത്തിൽ പാട്ടുകൾ പാടി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ആർട്ടിസ്റ്റ് ഇഖ്ബാൽ പാട്ടു പാടി സംഗമം ഉദ്ഘാടനം ചെയ്തു. ഹസ്തം ട്രസ്റ്റ് ചെയർമാൻ ടി.പി. മുഹമ്മദ് റഫീഖ് അധ്യക്ഷത വഹിച്ചു. മുജീബ് താനാളൂർ, സി.കെ. റഹീം, പി. ഉണ്ണി, എ.കെ. സൈതലവി, സി. ഷംസീർ, പി. സിദ്ദീഖ്, ജൈഷ, ശൈലജ, സുമം റഹ്മാൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.