മത്സ്യത്തൊഴിലാളികൾക്ക് ഹൈടെക് ബോട്ടുകൾ വിതരണം ചെയ്തു
text_fieldsതാനൂർ: സംസ്ഥാനത്തെ മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങൾക്ക് സർക്കാറിന്റെ കരുതൽ ഹസ്തമായി ആധുനിക സൗകര്യങ്ങളോടുകൂടിയ മൂന്ന് മത്സ്യബന്ധന വള്ളങ്ങൾ വിതരണം ചെയ്തു. താനൂർ ഹാർബറിൽ നടന്ന ചടങ്ങിൽ മന്ത്രി വി. അബ്ദുറഹിമാൻ ഫ്ലാഗ് ഓഫ് ചെയ്തു.
പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ലാഭകരമായ മത്സ്യബന്ധനം നടത്തുന്നതിനാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ ബോട്ടുകൾ നൽകിയത്. കേന്ദ്രാവിഷ്കൃത പദ്ധതിയായ പ്രധാനമന്ത്രി മത്സ്യ സമ്പാദയോജനയുടെ ഭാഗമായി സംസ്ഥാനത്തിന് അനുവദിച്ച 10 മത്സ്യബന്ധന ബോട്ടുകളില് രണ്ടെണ്ണത്തിന്റെ വിതരണമാണ് താനൂരിൽ മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിച്ചത്. തുടർന്നും കൂടുതൽ സംഘങ്ങൾക്ക് ബോട്ടുകൾ ലഭ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു.
മത്സ്യഫെഡ് ഡയറക്ടർ പി.പി. സൈതലവി അധ്യക്ഷത വഹിച്ചു. പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പി.കെ. രഞ്ജിനി സ്വാഗതം പറഞ്ഞു. മത്സ്യഫെഡ് ജില്ല മാനേജർ മനോജ് റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം നാസർ പോളാട്ട്, നഗരസഭ കൗൺസിലർ പി.ടി. അക്ബർ, സമദ് താനാളൂർ, കെ.ടി. ശശി, കെ.പി. സൈനുദ്ദീൻ, സഹകരണ സംഘം പ്രസിഡന്റുമാരായ എം.പി. മുഹമ്മദ് സറാർ, സെയ്തുമോൻ എന്നിവർ പങ്കെടുത്തു.
പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക പരിഗണന നൽകി 1.57 കോടി രൂപ ചെലവ് വരുന്ന ബോട്ടുകളാണ് നൽകിയിട്ടുള്ളത്. ഹൈഡ്രോളിക് സംവിധാനത്തിലാണ് ബോട്ട് പ്രവർത്തിക്കുന്നത്. 200 നോട്ടീക്കൽ മൈൽ വരെ മത്സ്യബന്ധനം നടത്താനുള്ള ലൈസൻസ് അടക്കം സർക്കാർ അനുവദിച്ചിട്ടുണ്ട്. കൊച്ചിൻ ഷിപ് യാർഡിനുകീഴിൽ ഉഡുപ്പിക്കു സമീപമുള്ള മാൽപ്പേ യാർഡിൽനിന്നും ആധുനിക രീതിയിലുള്ള ചൂണ്ടയും ഗിൽനെറ്റ് വലകളും വള്ളത്തിൽ ഘടിപ്പിച്ചിട്ടുണ്ട്. ലോങ്ലൈനർ വിഞ്ച്, ഗിൽനെറ്റ് ഹോളർ, അത്യാധുനിക സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ജി.പി.എസ് ഉൾപ്പെടെ ആശയവിനിമയ ഉപകരണങ്ങൾ, ദുരന്ത മുന്നറിയിപ്പ് ഉപകരണം, മാഗ്നെറ്റിക് കോമ്പസ് എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. മറ്റു വള്ളങ്ങളുടെ ഗതി ഓട്ടോമാറ്റിക്കായി ചൂണ്ടിക്കാണിക്കുന്ന സൗകര്യവുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.