ശോഭ ജി.എൽ.പി സ്കൂളിൽ കുരുന്നുകൾക്ക് കാവലായി ഹോം ഗാർഡ്
text_fieldsതാനൂർ: തിരൂർ-കടലുണ്ടി റൂട്ടിൽ വാഹനങ്ങൾ വർധിച്ചതിനാൽ താനൂർ ശോഭ ജി.എൽ.പി സ്കൂളിലേക്ക് കാൽനടയായെത്തുന്ന കുട്ടികളുടെ സുരക്ഷയെച്ചൊല്ലി രക്ഷിതാക്കളുടെയും അധ്യാപകരുടെയും ആശങ്കക്ക് പരിഹാരമായി സ്കൂളിന് മുന്നിൽ ഹോം ഗാർഡിനെ നിയമിച്ച് താനൂർ പൊലീസ്. ഇരുഭാഗത്ത് നിന്നും സ്കൂളിലേക്ക് എത്തുന്ന കുട്ടികൾ റോഡ് മുറിച്ചുകടക്കുന്നത് വളരെ സാഹസികമായായിരുന്നു.
റോഡിന്റെ ഒരു ഭാഗം തെരുവ് കച്ചവടക്കാർ കൈയടക്കിയതിനാൽ വാഹനങ്ങൾക്കും ഈ ഭാഗത്ത് അരിക് കൊടുക്കാൻ ബുദ്ധിമുട്ടായിരുന്നു. അധ്യാപകരും പി.ടി.എ ഭാരവാഹികളും രാവിലെയും വൈകുന്നേരവും വിദ്യാർഥികളെ റോഡ് മുറിച്ചുകടക്കാൻ സഹായിക്കേണ്ട സാഹചര്യമായിരുന്നു. അടിയന്തരമായി പൊലീസ് ഹോം ഗാർഡിനെ നിയമിക്കണമെന്ന രക്ഷിതാക്കളുടെയും അധ്യാപകരുടെയും നിരന്തര ആവശ്യത്തിനാണ് ഇപ്പോൾ പരിഹാരമായിരിക്കുന്നത്. സ്കൂളധികൃതരുടെയും നാട്ടുകാരുടെയും ആവശ്യം മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു.
പി.ടി.എ, എസ്.എം.സി കമ്മിറ്റികൾ താനൂർ ഡിവൈ.എസ്.പി വി.വി. ബെന്നിയടക്കമുള്ളവർക്ക് നൽകിയ പരാതിയെ തുടർന്നാണ് ഹോം ഗാർഡിനെ നിയമിക്കാൻ നടപടിയായത്. കുരുന്നുകൾക്ക് കാവലൊരുക്കാൻ ഹോം ഗാർഡ് എത്തിയത് മധുരം വിളമ്പിയാണ് സ്കൂൾ അധികൃതർ ആഘോഷിച്ചത്. പി.ടി.എ, എസ്.എം.സി, സ്കൂൾ വികസന കമ്മിറ്റികളിലെ അംഗങ്ങളും രക്ഷിതാക്കളും പങ്കെടുത്ത ചടങ്ങിന് വാർഡ് കൗൺസിലർ ഉമ്മുകുൽസു, പ്രധാനാധ്യാപിക റസിയ, പി.ടി.എ പ്രസിഡന്റ് സുനീർ ബാബു, എസ്.എം.സി ചെയർമാൻ യൂനസ് ലിസ, ജലീൽ കാരാട്, സഹീർ കാരാട്, അഡ്വ. എ.എം.റഫീഖ്, ശംസു കള്ളിത്തടത്തിൽ, അധ്യപകരായ സ്മിതേഷ്, ഗഫൂർ മോര്യ, അംഗിത, അനു എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.