ഇസ്ലാഹുൽ ഉലൂം അറബിക് കോളജ് നൂറ്റാണ്ടിന്റെ നിറവിലേക്ക്
text_fieldsതാനൂര്‍: താനൂരിലെ പ്രമുഖ ഇസ്ലാമിക വിജ്ഞാന കേന്ദ്രമായ ഇസ്ലാഹുല് ഉലൂം അറബിക് കോളജ് നൂറാം വാർഷികമാഘോഷിക്കുന്നു. ലഭ്യമായ രേഖകളനുസരിച്ച് ക്രിസ്തുവർഷം 1403ൽ താനൂർ വലിയ കുളങ്ങര പള്ളിയിൽ മുഹമ്മദ് അബ്ദുല്ല അൽ ഹദ്റമിയെന്ന യമനി പണ്ഡിതൻ തുടങ്ങി വെച്ച ദർസ് മതപഠന സംവിധാനമാണ് 1924ൽ പാങ്ങിൽ അഹമ്മദ് കുട്ടി മുസ്ലിയാർ സ്ഥാപിച്ച അസാസുൽ ഇസ്ലാം സഭയുടെ കീഴിൽ ഇസ്വ്ലാഹുല്‍ ഉലൂം മദ്റസയായി മാറുന്നത്. ഇടക്കാലത്ത് സാങ്കേതിക കാരണങ്ങളാൽ നിർത്തി വെക്കേണ്ടി വന്നെങ്കിലും പിന്നീട് പുനരാരംഭിക്കുകയായിരുന്നു. കേരളത്തിലെ ഏറ്റവും പുരാതന ദർസായി കണക്കാക്കപ്പെടുന്ന വലിയകുളങ്ങര പള്ളിയിലെ ദർസിൽ നിന്നും മതവിദ്യ അഭ്യസിക്കാനായി യമനിലെ ഹളറമൗത്ത്, ഈജിപ്ത്, ബാഗ്ദാദ് എന്നിവിടങ്ങളിൽ നിന്നടക്കമുള്ളവർ വന്നിരുന്നതായി രേഖകൾ പറയുന്നു.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഏറ്റെടുത്ത സ്ഥാപനത്തെ പിന്നീട് ശുദ്ധജല ദൗർലഭ്യമടക്കമുള്ള സാങ്കേതിക കാരണങ്ങളാൽ പ്രവർത്തനം നിർത്തി പ്രാഥമിക മദ്റസയാക്കി മാറ്റേണ്ടി വന്നെങ്കിലും 1996 ൽ വീണ്ടും ദാറുൽ ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റിയിൽ അഫിലിയേറ്റ് ചെയ്ത മത, ഭൗതിക സമന്വയ വിദ്യാഭ്യാസ സ്ഥാപനമായി പുനരുജ്ജീവിപ്പിക്കുകയായിരുന്നു. മികച്ച അക്കാദമിക നിലവാരം പുലർത്തി വരുന്ന സ്ഥാപനം താനൂരിന്റെ ചരിത്രത്തിന്റെ വീണ്ടെടുപ്പിലും ശ്രദ്ധേയമായ പങ്കാണ് വഹിക്കുന്നത്. അതിന്റെ തുടർച്ചയാണ് നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന താനൂർ ഹെറിറ്റേജ് കാർണിവൽ. സ്ഥാപനത്തിലെ സിവിലൈസേഷനല്‍ സ്റ്റഡീസ് വിഭാഗം സംഘടിപ്പിക്കുന്ന ഹെറിറ്റേജ് കാര്‍ണിവൽ ശനിയും ഞായറുമായി താനൂര്‍ ജങ്ഷനില്‍ പ്രത്യേകം തയാറാക്കിയ വേദിയില്‍ നടക്കും. രാവിലെ ഒമ്പതിന് സാഹിത്യകാരന് ആലംകോട് ലീലാകൃഷ്ണന് ഉദ്ഘാടനം ചെയ്യും. താനൂർ നഗരസഭാ ചെയര്മാന് റഷീദ് മോര്യ അധ്യക്ഷത വഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.