തൊഴിലവസരങ്ങളുടെ വാതായനം തുറന്ന് കുടുംബശ്രീ ‘സ്റ്റോക്കോസ് 24’
text_fieldsതാനൂർ: വിവിധ തൊഴിൽ സാധ്യതകളെ ഉപയോഗപ്പെടുത്തി യുവജനങ്ങൾക്ക് തൊഴിലവസരം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ ജില്ല മിഷനും താനാളൂർ പഞ്ചായത്തും ചേർന്ന് തൊഴിൽ മേള നടത്തി. ദേവധാർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന മേള താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സൽമത്ത് ഉദ്ഘാടനം ചെയ്തു. താനാളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. മല്ലിക അധ്യക്ഷയായി.
കുടുംബശ്രീ ജില്ല മിഷൻ കോഓർഡിനേറ്റർ ജാഫർ കെ. കക്കൂത്ത് പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം കെ.വി.എ കാദർ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പി. സതീശൻ, കെ.വി.സിനി, പഞ്ചായത്തംഗങ്ങളായ കെ.വി. ലൈജു, കെ.ഫാത്തിമ, ഒഴൂർ പഞ്ചായത്ത് സി.ഡി.എസ് ചെയർപേഴ്സൺ എ.പി.ഗീത എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് വി. അബ്ദുറസാഖ് സ്വാഗതവും എം. സൗമിനി നന്ദിയും പറഞ്ഞു.
ബാങ്കിങ്, ഇൻഷൂറൻസ്, മാർക്കറ്റിങ്, കൺസ്ട്രക്ഷൻ, ഐ.ടി. ഗ്രാഫിക്സ്, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ട്രെയിനിങ് സെന്റർ, ഹൈപ്പർ മാർക്കറ്റ്, ടെക്സ്റ്റയിൽസ്, വാഹന ഷോറൂം, ആശുപത്രികൾ, മാർക്കറ്റിങ് ഏജൻസീസ് എന്നിവിടങ്ങളിലെ തൊഴിലവസരങ്ങളാണ് സ്റ്റോക്കോസിലൂടെ നൽകിയത്. 46 തൊഴിൽ ദാതാക്കളാണ് തൊഴിൽ മേളയിൽ പങ്കെടുത്തത്. അഭിമുഖത്തിൽ പങ്കെടുത്ത 706 ഉദ്യോഗാർഥികളിൽ 249 പേർക്ക് തൊഴിൽ ലഭിച്ചു. 227 പേരെ അടുത്ത ഘട്ടത്തിലേക്ക് ചുരുക്കപ്പട്ടിക തയ്യാറാക്കി.
2026 ആകുമ്പോഴേക്കും 20 ലക്ഷം പേർക്ക് തൊഴിൽ നൽകാൻ കേരള നോളജ്എക്കണോമി മിഷനും, ഡി.ഡി.യു.ജി.കെ.വൈയും കുടുംബശ്രീ നൈപുണ്യ പരിശീലനങ്ങളും ഏകോപിച്ചാണ് തൊഴിൽ മേള സംഘടിപ്പിക്കുന്നത്. ജില്ലയിൽ കഴിഞ്ഞ സാമ്പത്തിക വർഷം നാല് മെഗ തൊഴിൽ മേളകൾ നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.