മോര്യ ഗവ. ആയുർവേദ ഡിസ്പെൻസറി എൻ.എ.ബി.എച്ച് നിലവാരത്തിലേക്ക്
text_fieldsതാനൂർ: താനൂർ നഗരസഭക്ക് കീഴിലുള്ള മോര്യയിലെ ഗവ. ആയുർവേദ ഡിസ്പെൻസറി എൻ.എ.ബി.എച്ച് (നാഷനൽ അക്രഡിറ്റേഷൻ ബോർഡ് ഓഫ് ഹോസ്പിറ്റൽസ് ആൻഡ് ഹെൽത്ത് പ്രൊവൈഡേഴ്സ്) നിലവാരത്തിലേക്ക് ഉയർത്തുന്നതിന് മുന്നോടിയായി വിദഗ്ധ സംഘം ഡിസ്പെൻസറിയിൽ പരിശോധന നടത്തി. ജില്ലയിലെ ആറ് ആയുർവേദ ഡിസ്പെൻസറികളാണ് എൻ.എ.ബി.എച്ച് അക്രഡിറ്റേഷന് തെരഞ്ഞെടുത്തിരിക്കുന്നത്.
ഇതിന് പുറമെ നാല് ഹോമിയോ ഡിസ്പെൻസറികളുമുണ്ട്. ഈ കേന്ദ്രങ്ങളെ നാഷനൽ ആയുഷ് മിഷന് കീഴിൽ ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്ററുകളായി പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തെ 520 ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്ററുകളിൽ ഈ വർഷം 150 എണ്ണം എൻ.എ.ബി.എച്ച് നിലവാരത്തിലെത്തും. ജില്ലയിൽ താനൂരിന് പുറമേ എടപ്പറ്റ, കൊളത്തൂർ, ചാലിയപ്പുറം, നിലമ്പൂർ ചന്തക്കുന്ന്, മാറഞ്ചേരി എന്നീ ആയുർവേദ ഡിസ്പെൻസറികളാണ് ദേശീയ നിലവാരത്തിലേക്ക് ഉയർത്തുന്നത്.
മോര്യയിലെ ഡിസ്പെൻസറിക്ക് നാലര ലക്ഷം രൂപയും അനുവദിച്ചു. സ്വന്തമായുള്ള 25 സെന്റ് സ്ഥലത്താണ് മോര്യയിലെ ഡിസ്പെൻസറി പ്രവർത്തിക്കുന്നത്. ദിനേന സമീപ പഞ്ചായത്തിൽ നിന്നുൾപ്പെടെ നിരവധി പേരാണ് ഡിസ്പെൻസറിയെ ആശ്രയിക്കുന്നത്. നാഷനൽ ആയുഷ് മിഷന് കീഴിൽ ഒരു വർഷത്തോളമായി ഇവിടെ യോഗ പരിശീലനവും നടക്കുന്നുണ്ട്. എൻ.എ.ബി.എച്ച് അക്രഡിറ്റേഷൻ ഉദ്യോഗസ്ഥൻ ഡോ. ഹബീബുല്ല, ജില്ല പ്രൊജക്ട് മാനേജർ ഡോ. കെ.എസ്. സുനിത എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
സംഘം നഗരസഭ ചെയർമാൻ പി.പി. ഷംസുദ്ദീൻ, വൈസ് ചെയർപേഴ്സൻ സി.കെ. സുബൈദ, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ കെ.പി. അലി അക്ബർ, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ കെ. ജയപ്രകാശ്, കൗൺസിലർ റഷീദ് മോര്യ എന്നിവരുമായി ചർച്ച നടത്തി. മെഡിക്കൽ ഓഫിസർ ഡോ. എൻ. ശിഹാബുദ്ധീൻ പ്രസന്റേഷൻ നടത്തി. ഡോ. ഫിജിൻ ബക്കർ, ഡോ. അർജുൻ, ഡോ. പ്രസീത, ഫാർമസിസ്റ്റ് അബ്ദുൽ സലാം, നിഖിൽ കുമാർ, ശോഭന കുമാരി, യോഗ ട്രൈനർ ഇ. അഖിലേഷ് ബാബു, കൊണ്ടോട്ടി മെഡിക്കൽ ഓഫിസർ ഡോ. ഷീജ വക്കം എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.