ഓണസമ്മാനമായി താനൂരിന് നഴ്സിങ് കോളജ്
text_fieldsതാനൂർ: താനൂരിന് ഓണസമ്മാനമായി നഴ്സിങ് കോളജും പുതിയ കോഴ്സുകളും അനുവദിച്ചതായി മന്ത്രി വി. അബ്ദുറഹിമാൻ താനൂരിൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ കീഴിൽ സർക്കാർ നിയന്ത്രണത്തിലുള്ള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജുക്കേഷൻ ആൻഡ് ടെക്നോളജിയുടെ (സി-മെറ്റ്) കീഴിലാണ് പുതിയ നഴ്സിങ് കോളജ് അനുവദിച്ചിട്ടുള്ളത്. കൂടാതെ കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിങ് (സി ആപ്റ്റ്), കേരള ഫിഷറീസ് യൂനിവേഴ്സിറ്റി കോഴ്സുകൾ എന്നിവയും താനൂരിൽ ആരംഭിക്കും. രാജ്യത്തും വിദേശത്തും നഴ്സുമാരുടെ ആവശ്യം അധികമായതിനാൽ കൂടുതൽ പഠനസൗകര്യം ഉറപ്പാക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. 2023-2024 ബജറ്റ് പ്രസംഗത്തിൽ സർക്കാർ മേഖലയിൽ കൂടുതൽ നഴ്സിങ് കോളജുകൾ ആരംഭിക്കുമെന്ന് പ്രഖ്യാപനമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സർക്കാർ മേഖലയിൽ ആറും സർക്കാർ നിയന്ത്രണത്തിലുള്ള സി-മെറ്റിന്റെ കീഴിൽ ആറും കോളജുകൾ നേരത്തേ അനുവദിച്ചിരുന്നു. ഇതിനുപുറമെയാണ് ഇപ്പോൾ താനൂരിൽ പുതിയ കോളജ് അനുവദിച്ചിട്ടുള്ളത്.
60 പേർക്ക് പ്രവേശനം നൽകാവുന്ന ഒരു ബാച്ചാണ് ഇപ്പോൾ ആരംഭിക്കുന്നത്. എൽ.ബി.എസ് വഴിയാണ് അഡ്മിഷൻ നടത്തുക. പൂർണമായും മെറിറ്റ് അടിസ്ഥാനത്തിലാണ് പ്രവേശനം. ഒമ്പത് സീറ്റുകൾ എൻ.ആർ.ഐ ക്വോട്ടയിലായിരിക്കും. ഇതും മെറിറ്റ് അടിസ്ഥാനത്തിലാണ് പ്രവേശന നടപടികൾ. ഒക്ടോബറിൽ ക്ലാസുകൾ തുടങ്ങാനാവുമെന്ന പ്രതീക്ഷയിലാണ് സർക്കാർ.
നഴ്സിങ് കോളജിന് സ്വന്തമായ സ്ഥലവും കെട്ടിടവും ആവശ്യമാണ്. എന്നാൽ, കോളജ് ആരംഭിക്കാൻ നിലവിൽ താൽക്കാലിക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ചെറിയമുണ്ടം ഹൈസ്കൂളിനോട് ചേർന്ന് നിലവിൽ ഒഴിഞ്ഞുകിടക്കുന്നതും നേരത്തേ സാക്ഷരത മിഷൻ ഉപയോഗിച്ചതുമായ കെട്ടിടം താൽക്കാലികമായി ഉപയോഗിക്കാനാണ് തീരുമാനം. അടുത്ത അക്കാദമിക് വർഷത്തേക്ക് കൂടുതൽ കെട്ടിട സൗകര്യങ്ങൾ ഒരുക്കാൻ ഫണ്ടനുവദിക്കുമെന്ന് മന്ത്രി പറഞ്ഞു. തിരൂർ ജില്ല ആശുപത്രി, താനൂർ താലൂക്ക് ആശുപത്രി, തിരൂങ്ങാടി താലൂക്ക് ആശുപത്രി എന്നിവയാണ് വിദ്യാർഥികൾക്കുള്ള ട്രെയിനിങ്ങിനായി ഉപയോഗിക്കുന്നത്. ഈ വിദ്യാർഥികളുടെ സേവനം കൂടി ഉപയോഗിക്കുമ്പോൾ ആശുപത്രികളുടെ നടത്തിപ്പ് കൂടുതൽ സുഗമമാകുമെന്നും മന്ത്രി പറഞ്ഞു. കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിങ്ങിന്റെ കേന്ദ്രം നിറമരുതൂർ ഉണ്യാലിലാണ് ആരംഭിക്കുന്നത്. പ്രിന്റിങ് കോഴ്സുകൾ നടത്തുന്നതിനൊപ്പം പാഠപുസ്തകം, ചോദ്യപ്പേപ്പർ, ലോട്ടറി തുടങ്ങിയ സർക്കാറിന്റ പ്രിന്റിങ് ജോലികളും ഇവിടെ നടത്താനാകുമെന്നും മന്ത്രി പറഞ്ഞു.
ഫിഷറീസ് മേഖലയുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് ഉപരിപഠനം നടത്താനായി കേരള ഫിഷറീസ് യൂനിവേഴ്സിറ്റിയുടെ ഏതാനും കോഴ്സുകൾ താനൂരിൽ തുടങ്ങും. ഫിഷറീസ് സ്കൂളിൽ ഇതിനുള്ള സൗകര്യങ്ങൾ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം തൊഴിലധിഷ്ഠിത കോഴ്സുകൾക്ക് പ്രാമുഖ്യം നൽകുന്നതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.