വേനലിലും കാടുമൂടി പ്രവർത്തന രഹിതമായ ശുദ്ധജല പ്ലാന്റുകൾ
text_fieldsതാനൂർ: കടുത്ത വേനലിൽ പലയിടത്തും കുടിവെള്ളക്ഷാമം രൂക്ഷമാവുമ്പോഴും ശുദ്ധമായ കുടിവെള്ളം ഉറപ്പുവരുത്താനെന്ന പേരിൽ താനൂർ മണ്ഡലത്തിൽ പലയിടത്തും സ്ഥാപിച്ച ആർ.ഒ വാട്ടർ പ്ലാന്റുകൾ പ്രവർത്തനക്ഷമമല്ലെന്ന പരാതിയുയരുന്നു. ഒഴൂർ ഹാജിപ്പടി ചുരങ്ങര റോഡിലുള്ള ആർ.ഒ വാട്ടർ പ്ലാന്റ് സംവിധാനം കാടുപിടിച്ച നിലയിലാണ്. പലയിടത്തും സമാനമായ അവസ്ഥ തന്നെയാണ്.
2017-18 വർഷത്തെ വി. അബ്ദുറഹ്മാൻ എം.എൽ.എയുടെ ആസ്തിവികസന നിധി ഉപയോഗപ്പെടുത്തിയാണ് മണ്ഡലത്തിൽ അഞ്ച് വാട്ടർ പ്ലാന്റുകൾ സ്ഥാപിച്ചത്. മതിയായ അറ്റകുറ്റപ്പണികൾ നടത്താനോ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനോ അധികാരികളുടെ ഭാഗത്തുനിന്ന് കാര്യമായ ശ്രമങ്ങളില്ലാത്തതാണ് വാട്ടർ പ്ലാന്റുകളുടെ പ്രവർത്തനം നിലക്കാൻ കാരണം.
ജൽജീവൻ മിഷൻ അടക്കമുള്ള വൻകിട പദ്ധതികൾ ഇഴഞ്ഞുനീങ്ങുമ്പോൾ കത്തുന്ന വേനലിൽ കുടിവെള്ള സ്രോതസ്സുകൾ ഓരോന്നായി വറ്റിത്തുടങ്ങുന്നതിന്റെ ആധിയിലാണ് നാട്ടുകാർ. അതിനിടെയാണ് കുടിവെള്ള ക്ഷാമത്തിന് ഒരുപരിധിവരെയെങ്കിലും ആശ്വാസമാകുമായിരുന്ന ഇത്തരം പദ്ധതികൾ പണിമുടക്കുന്ന സാഹചര്യം കൂടിയുണ്ടാകുന്നത്.
പാത്രങ്ങളിൽ കുടിവെള്ളം ശേഖരിക്കാനുള്ള സംവിധാനത്തോടെയൊരുക്കിയ വാട്ടർ പ്ലാന്റ് സംവിധാനം ഇനിയെങ്കിലും പ്രവർത്തന ക്ഷമമാക്കാൻ അധികൃതർ തയാറായാൽ കടുത്ത വേനലിൽ യാത്രക്കാർക്കും നാട്ടുകാർക്കും ഏറെ ഉപകാരമായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.