ആരാധനാലയങ്ങൾ ലക്ഷ്യമിട്ട് തസ്കര സംഘം: അന്വേഷണം ഊർജിതമാക്കി പൊലീസ്
text_fieldsതാനൂർ: താനൂരിൽ ആരാധനാലയങ്ങൾ ലക്ഷ്യം വെച്ചുള്ള മോഷണങ്ങൾ വർധിക്കുന്നു. ശനിയാഴ്ച പുലർച്ചെ മീനടത്തൂർ അമ്മംകുളങ്ങര ദേവി ക്ഷേത്ര ഓഫിസിൽ നിന്ന് 15,000 രൂപയും മൊബൈൽ ഫോണും കളവുപോയതിനു പിന്നാലെ താനാളൂർ നരസിംഹക്ഷേത്രത്തിലും മോഷണശ്രമം നടന്നു.
ഒരാഴ്ച മുമ്പ് ചിറക്കൽ ജുമാമസ്ജിദിന്റെ സംഭാവനപ്പെട്ടി തകർത്തും മോഷണം നടന്നിരുന്നു. മോഷണ ശ്രമം നടന്ന താനാളൂർ നരസിംഹ ക്ഷേത്രത്തിന്റെ മതിലിനു സമീപത്തു നിന്ന് ഒരു മൊബൈൽ ഫോൺ കവർ അന്വേഷണ സംഘം കണ്ടെടുത്തിരുന്നു.
മീനടത്തൂർ അമ്മംകുളങ്ങര ക്ഷേത്രത്തിൽ നിന്ന് മോഷണം പോയ ഫോണിന്റെ കവറാണിതെന്നാണറിയുന്നത്. മോഷ്ടാക്കൾ അമ്മംകുളങ്ങര ക്ഷേത്രത്തിൽ കവർച്ച നടത്തിയ ശേഷം താനാളൂർ ക്ഷേത്രത്തിൽ എത്തിയതായാണ് ഇതിൽ നിന്ന് മനസ്സിലാകുന്നത്. കവർച്ചകൾക്ക് പിറകിൽ സ്ഥിരം മോഷ്ടാക്കൾ തന്നെയാണെന്നാണ് സൂചന.
കഴിഞ്ഞ വർഷം ഫെബ്രുവരിയിലും താനാളൂർ നരംസിംഹ ക്ഷേത്രത്തിൽ കവർച്ച നടക്കുകയും 25,000 രൂപ നഷ്ടപ്പെടുകയും ചെയ്തിരുന്നു. ആ കേസിലും പ്രതികളെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. മോഷണ പരമ്പരകൾ തുടരുന്നത് ജനങ്ങളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.പ്രതികളെ പിടികൂടാൻ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.