താനൂർ കസ്റ്റഡി മരണം: എസ്.പിയെ മാറ്റണമെന്ന് ആക്ഷൻ കൗൺസിൽ
text_fieldsമലപ്പുറം: താനൂർ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ല പൊലീസ് മേധാവി എസ്. സുജിത്ത് ദാസിനെ സർവിസിൽനിന്ന് മാറ്റിനിർത്തണമെന്ന് താമിർ ജിഫ്രി ആക്ഷൻ കൗൺസിൽ മലപ്പുറത്ത് വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കേസിൽ ജുഡീഷ്യൽ അന്വേഷണം വേണം. താനൂർ സി.ഐയെയും കേസിന്റെ ഭാഗമായി മാറ്റിനിർത്തണം. നിയമവിരുദ്ധമായി പ്രവർത്തിച്ച ഡാൻസാഫ് അംഗങ്ങളെ സർവിസിൽനിന്ന് പിരിച്ചുവിടണമെന്നും ആക്ഷൻ കൗൺസിൽ ചൂണ്ടിക്കാട്ടി.
എഫ്.ഐ.ആറിലെ അവ്യക്തതകൾ നീക്കി കുറ്റക്കാർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം. പാവപ്പെട്ട കുടുംബമാണ് താമിറിന്റേത്. മാതാവ് ശരീഫ ബീവി രോഗബാധിതയാണ്. കുടുംബത്തിന് അത്താണി ആകേണ്ടിയിരുന്ന ഈ യുവാവ് മരണപ്പെട്ടതോടെ കുടുംബത്തിന്റെ സ്ഥിതി ദയനീയമായി. ഇത് പരിഗണിച്ച് സർക്കാർ 25 ലക്ഷം രൂപ അടിയന്തരമായി അനുവദിക്കണമെന്നും ആക്ഷൻ കൗൺസിൽ അഭിപ്രായപ്പെട്ടു. ആവശ്യങ്ങളുന്നയിച്ച് ആക്ഷൻ കൗൺസിൽ ഗവർണർ, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, പ്രതിപക്ഷ ഉപനേതാവ്, ഡി.ജി.പി, മനുഷ്യാവകാശ കമീഷൻ തുടങ്ങിയവർക്ക് നിവേദനം നൽകും.
വാർത്തസമ്മേളനത്തിൽ ആക്ഷൻ കൗൺസിൽ ജനറൽ കൺവീനർ എം.ടി. മൂസ, വർക്കിങ് ചെയർമാൻ പി.എം. റഫീഖ്, വൈസ് ചെയർമാന്മാരായ യാസർ ഒള്ളക്കൻ, കെ.വി. അൻവർ, ജോയന്റ് കൺവീനർ ബഷീർ ചാലിൽ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.