താനൂര്‍ ഹാര്‍ബര്‍ രണ്ടാംഘട്ടം: ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കി, നിര്‍മാണം ഉടന്‍ തുടങ്ങും
text_fieldsതാനൂർ: താനൂര്‍ ഹാര്‍ബറിന്റെ രണ്ടാംഘട്ട ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉടന്‍ തുടക്കമാകുമെന്ന് മന്ത്രി വി. അബ്ദുറഹിമാന് അറിയിച്ചു. 13.90 കോടി രൂപയുടെ രണ്ടാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങൾക്കാണ് ഈ മാസം അവസാനത്തോടെ തുടക്കമാവുക.
3.19 കോടി ചെലവില്‍ ഇടത്തരം മത്സ്യബന്ധന വള്ളങ്ങള്‍ അടുപ്പിക്കാന്‍ സഹായകമാവുന്ന രണ്ട് ജെട്ടികള്‍, ചെറിയ വള്ളങ്ങള്‍ക്ക് വേണ്ടിയുള്ള ലോ ലെവല്‍ ജെട്ടി (വലിയ ജെട്ടിക്ക് സമീപം) അതിനോടനുബന്ധിച്ച് ലേലപ്പുര, 1.48 കോടി രൂപ ചെലവില്‍ വല നെയ്ത്ത് കേന്ദ്രം, മത്സ്യബന്ധന തൊഴിലാളികള്‍ക്ക് യന്ത്ര ഉപകരണങ്ങള്‍ സൂക്ഷിക്കാനുള്ള സ്റ്റോര്‍ റൂമുകള്‍, കാന്റീന്, ബോട്ട് റിപ്പയര്‍ വര്‍ക്ക് ഷോപ്, 3.86 കോടി രൂപ ചെലവില്‍ ഹാര്‍ബറിലെ നിലവിലെ പ്രവര്‍ത്തന സ്ഥലം വര്‍ധിപ്പിക്കുന്നതിനും സ്ഥല സൗകര്യം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുമുള്ള ലാന്‍ഡ് ഡെവലപ്മെന്റ്, ലാന്‍ഡ് ഫില്ലിങ് പ്രവൃത്തികള്‍, 2.15 കോടി ചെലവില്‍ ഹാര്‍ബറിലെ ജലസൗകര്യത്തിനാവശ്യമായ വാട്ടര്‍ ടാങ്ക്, കിണര്‍, പൈപ്പ് സംവിധാനങ്ങള്‍, ചുറ്റുമതില്‍, ഹാര്‍ബറിന്റെ അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്ക്, 1. 67 കോടി രൂപ ചെലവില്‍ ലോഡിങ് പാര്‍ക്കിങ് ഏരിയകള്‍, ഇന്റേണല്‍ റോഡുകള്‍, 28 ലക്ഷം രൂപ ചെലവില്‍ ടോയ്ലറ്റ് ബ്ലോക്ക്, 38 ലക്ഷം രൂപ ചെലവില്‍ ഹാര്‍ബര്‍ സുരക്ഷക്കായി മികച്ച ഗേറ്റ് കീപ്പിങ് സംവിധാനത്തോടെയുള്ള ഗേറ്റ് ഹൗസ്, കോസ്റ്റല്‍ പൊലീസ് എയ്ഡ്പോസ്റ്റ്, സി.സി.ടി.വി, ഹൈമാസ്റ്റ് ലൈറ്റുകള്‍, മാലിന്യ സംസ്കരണ സംവിധാനം, ക്ലീനിങ് സൗകര്യങ്ങള്‍ എന്നിവയാണ് രണ്ടാം ഘട്ട വികസനത്തില്‍ ഉള്‍പ്പെടുന്നത്.
മത്സ്യം കേടുകൂടാതെ സൂക്ഷിക്കാനുള്ള കോള്‍ഡ് സ്റ്റോറേജ് സംവിധാനവും പദ്ധതിയില്‍ ഉള്‍പ്പെടുത്തും. 55.8 കോടി രൂപ ചെലവഴിച്ചാണ് ഹാര്‍ബറിന്റെ ഒന്നാംഘട്ട വികസന പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചത്. 1350 മീറ്റര്‍ തെക്കേ പുലിമുട്ട്, 700 മീറ്റര്‍ വടക്കേ പുലിമുട്ട്, വലിയ ജെട്ടി, ലേല ഹാള്‍, മത്സ്യം ലോഡ് ചെയ്യുന്നതിനുള്ള സൗകര്യങ്ങള്‍, റിക്ലമേഷന്‍ ബണ്ട്, ഡ്രഡ്ജിങ് എന്നീ പ്രവൃത്തികളാണ് ഒന്നാം ഘട്ടത്തില്‍ പൂര്‍ത്തീകരിച്ചത്. രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ താനൂര്‍ പുതിയ കടപ്പുറം, ചീരാന്‍ കടപ്പുറം, എടക്കടപ്പുറം, എളാരന്‍ കടപ്പുറം, പണ്ടാരന്‍ കടപ്പുറം, ഒളര്‍മന്‍ കടപ്പുറം എന്നിവിടങ്ങളിലുള്ള മത്സ്യത്തൊഴിലാളികളുടെ ജീവിതാഭിവൃദ്ധിക്കും പൊന്നാനി മുതല്‍ ചാലിയം വരെയുള്ള മേഖലയിലെ മത്സ്യത്തൊഴിലാളികള്‍ക്കും പദ്ധതി ഏറെ പ്രയോജനമാകുമെന്ന് മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.