താനൂർ-തെയ്യാല റെയിൽവേ മേൽപാലം; പൊതുതാൽപര്യ ഹരജിയിൽ വീണ്ടും ഹൈകോടതി ഇടപെടൽ
text_fieldsതാനൂർ: താനൂർ-തെയ്യാല മേൽപാലം നിർമാണം ഇഴഞ്ഞുനീങ്ങുന്നതിനെതിരെ കേരള ഹൈകോടതിയുടെ ഇടപെടൽ വീണ്ടും. കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപറേഷനോട് ഗേറ്റ് ഉൾപ്പെടെയുള്ള പ്രദേശത്തിന്റെ ഫോട്ടോകളും വിശദമായ റിപ്പോർട്ടും നൽകാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു. അടുത്ത വിചാരണ ദിവസംതന്നെ ആർ.ബി.ഡി.സി.കെ. റിപ്പോർട്ട് നൽകണം.
റെയിൽവേ ഗേറ്റിന് മുന്നിൽ തൂണുകൾ സ്ഥാപിച്ചിട്ടുണ്ടെന്നാണ് കേന്ദ്ര സർക്കാറിന്റെ അഭിഭാഷകൻ മിനി ഗോപിനാഥൻ കോടതിയെ അറിയിച്ചത്. ഇതേ തുടർന്നാണ് ഹൈകോടതി ആർ.ബി.ഡി.സി.കെയോട് റിപ്പോർട്ട് ആവശ്യപ്പെട്ടത്. മേൽപാല നിർമാണം അനിശ്ചിതമായി നീണ്ടുപോകുന്നതിനെതിരെ മുസ്ലിം ലീഗ് താനൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എം.പി. അഷറഫാണ് ഹൈകോടതിയിൽ പൊതു താൽപര്യ ഹരജി ഫയൽ ചെയ്തത്.
ഹരജിക്കാരനുവേണ്ടി അഡ്വ. പി.പി. റഊഫും അഡ്വ. പി.ടി. ശീജീഷും ഹാജറായി. കേന്ദ്ര സർക്കാറിനുവേണ്ടി ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ എസ്. മനുവും സംസ്ഥാന സർക്കാറിനും അർ.ബി.ഡി.സി.കെക്കും വേണ്ടി ഗവ. പ്ലീഡർ രശ്മിത രാമചന്ദ്രനും ഹാജറായി. ഒക്ടോബർ അഞ്ചിന് കേസ് വീണ്ടും പരിഗണിക്കും. നിർമാണം അനിശ്ചിതമായി നീളുന്നതിനെതിരെ വ്യാപാരികളും പ്രദേശത്തെ ജനങ്ങളും ശക്തമായ സമരത്തിലാണ്.
വ്യാപാരികളുടെ നേതൃത്വത്തിൽ ദിവസങ്ങൾക്ക് മുമ്പ് താനൂർ ജങ്ഷൻ ഉപരോധമുൾപ്പെടെയുള്ള സമരപരിപാടികൾ നടന്നിരുന്നു. ചെറുവാഹനങ്ങൾക്ക് കടന്നു പോകാൻ സൗകര്യം ഒരുക്കുമെന്ന് നിയോജക മണ്ഡലം എം.എൽ.എ കൂടിയായ മന്ത്രി വി. അബ്ദുറഹിമാൻ പ്രഖ്യാപനം നടത്തിയിട്ട് ഒരുമാസം പിന്നിട്ടെങ്കിലും റെയിൽവേയുടെ എതിർപ്പിനെ തുടർന്ന് ഗേറ്റ് തുറക്കാനായിട്ടില്ല. ഇനിയും നിർമാണം നീണ്ടുപോയാൽ കൂടുതൽ ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം കൊടുക്കുമെന്നാണ് ജനകീയ സമിതിയുടെയും വിവിധ രാഷ്ട്രീയ പാർട്ടികളുടെയും വ്യാപാരി സംഘടനകളുടെയും നേതാക്കൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.