താനാളൂരിൽ ഇനി സെവൻസ് ആരവ രാവുകൾ
text_fieldsതാനൂർ: താനാളൂർ ഫുട്ബാൾ അക്കാദമിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഒന്നാമത് അഖില കേരള സെവൻസ് ടൂർണമെന്റിന് തുടക്കമായി. പഞ്ചായത്ത് ഇ.എം.എസ് ഫ്ലഡ് ലൈറ്റ് സ്റ്റേഡിയം ഇനി രണ്ടാഴ്ച കാൽപന്തിന്റെ ആരവങ്ങളാൽ നിറയും. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി ഫുട്ബാൾ ആരാധകരാണ് ആദ്യദിന മത്സരം കാണാനെത്തിയത്. അഖില കേരള സെവൻസ് ഫുട്ബാൾ മത്സരത്തോടൊപ്പം വെറ്ററൻസ്, അണ്ടർ ട്വന്റി മത്സരങ്ങളും ആദ്യ ദിനം നടന്നു. സ്റ്റേഡിയം വികസന കമ്മിറ്റിയുടെ സഹകരണത്തോടെ സ്റ്റേഡിയം പരിപാലനത്തിന് ഫണ്ട് സ്വരൂപിക്കാനാണ് ജനകീയ കൂട്ടായ്മയിൽ ഫുട്ബാൾ മത്സരം സംഘടിപ്പിക്കുന്നത്.
താനൂർ പൊലീസ് സബ് ഇൻസ്പെക്ടർ ജലീൽ കറുത്തേടത്ത് ഉദ്ഘാടനം ചെയ്തു. ജില്ല ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് ജലീൽ മയൂര മുഖ്യാതിഥിയായി. പഴയ കാല താരങ്ങളായ ടി. മൊയ്തുട്ടി, വി. മുസ്തഫ എന്നിവരെ ആദരിച്ചു. വി.പി. ഉമ്മറിന്റെ നിര്യാണത്തിൽ അനുശോചിച്ചാണ് മത്സരം തുടങ്ങിയത്. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. അബ്ദുറസാഖ് അധ്യക്ഷത വഹിച്ചു. അംഗങ്ങളായ മജീദ് മംഗലത്ത്, ഇടമരത്ത് റസാഖ് എന്നിവർ ചേർന്ന് ടീം ജേഴ്സി പുറത്തിറക്കി. ജനറൽ കൺവീനർ മുജീബ് താനാളൂർ, ടി. അദ്രു ഹാജി, പി.എസ്. സഹദേവൻ, നാസർ കുന്നത്ത്, കാദർ മിറാനിയ, പി. മുഷ്താഖ്, ഉമ്മർ ഫാറൂഖ്, ആഷിഖ് എന്നിവർ സംസാരിച്ചു. ഉദ്ഘാടന ദിവസം നടന്ന മത്സരങ്ങളിൽ സെവൻ സ്റ്റാർ മങ്കട, ഉദയ ചുള്ളിപ്പാറ, ടൗൺ ടീം അത്താണിക്കൽ എന്നിവർ വിജയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.