താനൂർ റെയിൽവേ മേൽപാല നിർമാണം അവസാന ഘട്ടത്തിലേക്ക്
text_fieldsതാനൂർ: തെയ്യാല റോഡ് റെയിൽവേ മേൽപാലം പ്രവൃത്തി അനിശ്ചിതമായി നീളുന്നതിൽ പ്രതിഷേധം കനക്കുന്നതിനിടെ സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി വി. അബ്ദുറഹ്മാൻ പ്രവൃത്തി പുരോഗതി വിലയിരുത്താനെത്തി.
പ്രദേശം സന്ദർശിച്ച മന്ത്രി ഡിസംബർ അവസാനത്തോടെ പ്രവൃത്തി പൂർത്തീകരിച്ച് ജനുവരിയിൽ ഗതാഗത്തിനായി തുറക്കുമെന്ന് ഉറപ്പുനൽകി.
പ്രവൃത്തി നീളുന്നതിൽ വ്യാപാരികളും മുസ്ലിം ലീഗ് അടക്കമുള്ള രാഷ്ട്രീയ പാർട്ടികളും വ്യത്യസ്ത പ്രതിഷേധവുമായി എത്തിയതിനെ പരിഹസിച്ച മന്ത്രി റെയിൽവേയുടെ നേതൃത്വത്തിലുള്ള പ്രവൃത്തി വൈകിയതാണ് പാലത്തെ ബാധിച്ചതെന്നും ഇതുകാരണം വന്ന കാലതാമസത്തിന് പ്രദേശവാസികളോട് ക്ഷമചോദിക്കുന്നതായും പറഞ്ഞു. പാലം വരുന്നതിന് തടസ്സം മുസ്ലിം ലീഗും നഗരസഭ ഭരിക്കുന്ന യു.ഡി.എഫുമായിരുന്നു. സ്ഥലം ഏറ്റെടുക്കുന്നത് തന്നെ പ്രതിസന്ധിയിലായ ഘട്ടത്തിൽ സർക്കാർ തന്നെ നേരിട്ട് ജനങ്ങളുമായി സംസാരിച്ച് ഏറ്റെടുക്കുകയായിരുന്നു. ഇതിനു ശേഷമാണ് പാലത്തിന്റെ പ്രവൃത്തി തുടങ്ങാൻ കഴിഞ്ഞത്.
കേക്ക് മുറിക്കുന്നത് പിറന്നാളിനും വിവാഹത്തിനും മറ്റു സന്തോഷമുള്ള കാര്യങ്ങൾക്കും ആണെന്നിരിക്കെ റെയിൽവേ മേൽപാല നിർമാണ സ്ഥലത്ത് താനൂരിലെ വ്യാപാരികളും മുസ്ലിം ലീഗ് പ്രവർത്തകരും ചേർന്ന് കേക്ക് മുറിച്ചത് പ്രവൃത്തി വൈകിയതിനുള്ള സന്തോഷത്താലാണെന്നാണ് മനസ്സിലാക്കുന്നതെന്നും മന്ത്രി വി. അബ്ദുറഹിമാൻ പരിഹസിച്ചു. സി.പി.എം ഏരിയ കമ്മിറ്റി അംഗങ്ങളായ എം. അനിൽകുമാർ, സി.പി. അശോകൻ, താനൂർ ലോക്കൽ സെക്രട്ടറി പി. അജയ് കുമാർ, താനൂർ ഈസ്റ്റ് ലോക്കൽ സെക്രട്ടറി കെ. വിവേകാനന്ദൻ, പി. സുന്ദരൻ, നഗരസഭ കൗൺസിലർമാരായ പി.ടി. അക്ബർ, പി. രുഗ്മിണി, റൂബി ഫൗസി എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.