പുലിപ്പേടിയിൽ താനൂരും
text_fieldsതാനൂർ: തിരൂരിൽ പുലിയെ കണ്ടെന്ന അഭ്യൂഹങ്ങൾ നിലനിൽക്കുന്നതിനിടെ താനൂരിലും പുലിയെ കണ്ടതായി ട്രോമകെയർ പ്രവർത്തകൻ കൂടിയായ പ്രദേശവാസി അറിയിച്ചത് ആശങ്ക സൃഷ്ടിച്ചു.
തിരൂരിൽ കണ്ടെന്ന് പറയുന്ന കാൽപാടുകൾ പരിശോധിച്ചതിൽനിന്ന് പ്രദേശത്ത് പുലിയുടെ സാന്നിധ്യമുണ്ടെന്ന അഭ്യൂഹങ്ങളെ വനംവകുപ്പ് ഉദ്യോഗസ്ഥർ തള്ളിക്കളഞ്ഞെങ്കിലും താനൂരിൽ ആശങ്ക നിലനിൽക്കുകയാണ്.
താനൂരിലെ ട്രോമകെയർ പ്രവർത്തകൻ അബ്ബാസാണ് ചൊവ്വാഴ്ച രാത്രി 11ഓടെ പുലിയെ കണ്ടതായി അധികൃതരെയും നാട്ടുകാരെയും അറിയിച്ചത്. കാരാട് താമസിക്കുന്ന അബ്ബാസ് താനൂരിൽനിന്ന് വരുന്ന വഴി തന്റെ വീടിനടുത്തുവെച്ച് റോഡ് മുറിച്ചുകടക്കുന്ന നിലയിൽ പുലിയെ കണ്ടെന്നാണ് പറയുന്നത്.
തൊട്ടുമുന്നിൽ ജീവിയെ കണ്ടതോടെ താൻ സഞ്ചരിച്ച ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞെന്നും ശബ്ദമുണ്ടാക്കിയതിനെ തുടർന്ന് സമീപത്തെ പാടത്തെ കൈതക്കൂട്ടങ്ങൾക്കിടയിലേക്ക് കയറിപ്പോയെന്നും അബ്ബാസ് പറഞ്ഞു.
ഉടൻതന്നെ നാട്ടുകാരെയും പൊലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥരെയും നഗരസഭ ചെയർമാനടക്കമുള്ളവരെയും വിവരമറിയിച്ച അബ്ബാസ് ഇപ്പോഴും തൊട്ടുമുന്നിൽ അജ്ഞാത ജീവിയെ കണ്ടതിന്റെ ഞെട്ടലിലാണ്. വിവരമറിഞ്ഞയുടൻ സ്ഥലത്തെത്തിയ പൊലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥർ വിശദമായ പരിശോധന നടത്തിയെങ്കിലും പുലിയുടെ സാന്നിധ്യത്തിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല.
ഇതിനിടെ ബുധനാഴ്ച ഉച്ചയോടെ ചില വിദ്യാർഥികളും പുലിയെ കണ്ടതായി വാർത്ത വന്നതോടെ ആശങ്ക കനത്തു. എന്നാൽ, വിദ്യാർഥികൾ പറഞ്ഞ സ്ഥലത്ത് നടത്തിയ പരിശോധനയിൽ കാൽപാടുകൾ കാട്ടുപൂച്ചയുടേതാണെന്ന് തെളിഞ്ഞതോടെ ആശ്വാസമായി.
പുലിയുടെ സാന്നിധ്യത്തിന് തെളിവുകളൊന്നുമില്ലെന്ന് അധികൃതർ ഉറപ്പിച്ച് പറയുമ്പോഴും പുലിയെത്തന്നെയാണ് കണ്ടതെന്ന മൊഴിയിൽ പ്രദേശവാസിയായ അബ്ബാസ് ഉറച്ചുനിൽക്കുന്നത് പരിസരവാസികൾക്കിടയിൽ ആശങ്കയുണ്ടാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.