തെയ്യാല റോഡ് മേൽപാലം ഫെബ്രുവരിയിൽ തുറക്കും
text_fieldsതാനൂർ: താനൂർ-തെയ്യാല റോഡ് റെയിൽവേ മേൽപാലത്തിന്റെ പ്രവൃത്തി ഫെബ്രുവരിയിൽ പൂർത്തീകരിച്ച് ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്ന് മന്ത്രി വി. അബ്ദുറഹിമാൻ താനൂരിൽ പറഞ്ഞു. നിർമാണം നീണ്ടുപോകുന്നത് കടുത്ത പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു. വ്യാപാരികളുൾപ്പെടെ വിവിധ സംഘടനകൾ സമരരംഗത്ത് സജീവമാകുകയും സർവകക്ഷി ആക്ഷൻ കൗൺസിൽ രൂപവത്കരിക്കുകയും ചെയ്തിരുന്നു.
പൊതുതാൽപര്യ ഹരജിയുടെ അടിസ്ഥാനത്തിൽ ഹൈകോടതി ഈയിടെ അധികൃതരോട് റിപ്പോർട്ട് തേടിയിരുന്നു. ഇതിനിടെയാണ് ഫെബ്രുവരിയിൽ പ്രവൃത്തി പൂർത്തീകരിച്ച് ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്ന മന്ത്രിയുടെ പ്രസ്താവന വരുന്നത്. ഇതിന് മുമ്പും വ്യത്യസ്ത സമയങ്ങളിൽ പ്രവൃത്തി പൂർത്തീകരിക്കുമെന്ന് മന്ത്രി പറഞ്ഞിരുന്നെങ്കിലും പല പ്രശ്നങ്ങളാൽ നീളുകയായിരുന്നു. പ്രവൃത്തി ഏറ്റെടുത്ത ആർ.ബി.ഡി.സി.കെയുടെയും റെയിൽവേ എൻജിനീയറിങ് വിഭാഗത്തിന്റെയും ഉദ്യോഗസ്ഥരുമായി നടന്ന ചർച്ചയുടെ അടിസ്ഥാനത്തിൽ റെയിൽവേയുടെ ഭാഗത്ത് വെക്കേണ്ട ബീമുകൾ ഫെബ്രുവരിയിൽ സ്ഥാപിക്കുമെന്ന് അധികാരികൾ ഉറപ്പ് നൽകിയതായി മന്ത്രി പറഞ്ഞു.
സംസ്ഥാന സർക്കാറിന്റെ ഭാഗത്തുള്ള ജോലികൾ അതിന് മുമ്പേ പൂർത്തീകരിക്കും. നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകൾ റബറൈസ്ഡ് ചെയ്തു നന്നാക്കിയിട്ടുണ്ട്. നഗരസഭ പഞ്ചായത്ത് പരിധിയിൽ വരുന്ന റോഡുകൾ അതത് നഗരസഭ, പഞ്ചായത്ത് അധികാരികളാണ് ചെയ്തു തീർക്കേണ്ടതെന്ന് മന്ത്രി പറഞ്ഞു.
പഞ്ചായത്തുകൾ നടത്തുന്ന കായികമേളകളിൽ വരുന്ന പാകപ്പിഴകൾക്ക് നടത്തിപ്പുകാർക്ക് പകരം മന്ത്രിയുടെ മേലെ പഴിചാരുന്നതിന് പിന്നിൽ രാഷ്ട്രീയലക്ഷ്യമാണെന്നും മന്ത്രി പറഞ്ഞു. താനൂരിൽ നാല് സ്റ്റേഡിയമുണ്ട്.
അവിടെ മത്സരങ്ങൾ നടത്താൻ അനുമതി മുൻകൂട്ടി വാങ്ങിക്കാതെ മറ്റു സ്ഥലങ്ങളിൽ കായികമേളയും മറ്റു മത്സരങ്ങളും നടത്തുന്നതിന്റെ ഉത്തരവാദിത്തം മന്ത്രിക്കല്ല, നടത്തിപ്പുകാർക്കാണെന്നും മന്ത്രി കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.