തൂവൽ തീരത്തെ മത്സ്യബന്ധന വള്ളം മറിഞ്ഞുള്ള മരണം; വള്ളങ്ങളിലെ ‘തീക്കളി’
text_fieldsതാനൂർ: ഉപജീവനത്തിനായി ആഴക്കടലിൽ മത്സ്യബന്ധനത്തിനായി പോകുന്നവർ ജീവൻ പണയം വെച്ചാണ് ജോലിയെടുക്കുന്നതെങ്കിലും പല അപകടങ്ങൾക്കും ജീവഹാനിക്കും കാരണമാകുന്നത് മതിയായ സുരക്ഷ സംവിധാനങ്ങളൊരുക്കാതെയുള്ള അപകട യാത്ര. ശനിയാഴ്ചയിലെ തൂവൽ തീരത്തെ മത്സ്യബന്ധന വള്ളം മറിഞ്ഞുള്ള പത്തൊമ്പതുകാരന്റെ മരണവും വിരൽ ചൂണ്ടുന്നത് മതിയായ സുരക്ഷാസംവിധാനങ്ങളില്ലാതെയുള്ള മത്സ്യബന്ധനത്തിന്റെ അപകടങ്ങളിലേക്കാണ്.
മത്സ്യബന്ധന വള്ളങ്ങളിലെ മുഴുവൻ ജോലിക്കാർക്കും മതിയായ ലൈഫ് ജാക്കറ്റുകൾ വള്ളത്തിലുണ്ടെന്ന് നിയമപ്രകാരം ഉറപ്പു വരുത്തേണ്ടതുണ്ടെങ്കിലും പല വള്ളങ്ങളിലും ഉണ്ടാകാറില്ലെന്നതാണ് നിലവിലുള്ള അവസ്ഥ. മരണത്തിലെത്തിയ പല അപകടങ്ങളിലും ലൈഫ് ജാക്കറ്റ് ഉണ്ടായിരുന്നെങ്കിൽ ജീവൻ രക്ഷപ്പെടുത്താൻ സാധിക്കുമായിരുന്നെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ശക്തമായ ബോധവത്കരണവും കർശന പരിശോധനകളും നടക്കേണ്ടതുണ്ട്. സുരക്ഷിതമായി വള്ളങ്ങൾ അടുപ്പിക്കാൻ സൗകര്യമുള്ള താനൂർ ഫിഷിങ് ഹാർബർ തൊട്ടടുത്ത് ഉണ്ടായിരിക്കെ പല വള്ളങ്ങളും തൂവൽ തീരം പോലെ അപകടസാധ്യതയേറെയുള്ള സ്ഥലങ്ങളിൽ വള്ളം അടുപ്പിക്കാൻ ശ്രമിക്കുന്നതും ദുരന്തങ്ങളിലേക്ക് നയിക്കുന്നുണ്ട്.
തീരത്തെ നോവിലാഴ്ത്തി റിസ്വാന്റെ വിയോഗം
താനൂർ: തൂവൽ തീരത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ മരണപ്പെട്ട പത്തൊമ്പതുകാരനായ റിസ്വാന്റെ വിയോഗം തീരത്തെ കണ്ണീരിലാഴ്ത്തി. ഫക്കീർ പള്ളിക്കടുത്ത് കോട്ടിലകത്ത് റഷീദിന്റെ മകനായ റിസ്വാൻ പഠനശേഷം ജോലിക്കുള്ള അന്വേഷണത്തിലായിരുന്നു.
സ്ഥിരമായി മത്സ്യബന്ധനത്തിന് പോകാറില്ലായിരുന്ന റിസ്വാൻ ഇടക്ക് പിതൃ സഹോദരന്റെ വള്ളത്തിൽ കയറാറുണ്ടായിരുന്നു. ഇങ്ങനെയൊരു യാത്രയാണ് നാടിനെ നടുക്കിയ അപകടത്തിലൂടെ റിസ്വാന്റെ ജീവൻ കവർന്നത്. നാട്ടിലേവർക്കും പ്രിയങ്കരനായിരുന്ന റിസ്വാൻ എസ്.കെ.എസ്.എസ്.എഫിന്റെ സജീവ പ്രവർത്തകൻ കൂടിയായിരുന്നു.
നാട്ടിലെ പൊതു കാര്യങ്ങളിലും കളിക്കളങ്ങളിലും ഒരു പോലെ സജീവമായിരുന്ന യുവാവിന്റെ മരണവാർത്ത ഞെട്ടലോടെയാണ് നാട്ടുകാരും കൂട്ടുകാരും അറിഞ്ഞത്. കോർമൻ കടപ്പുറം നൂറുൽ ഉലൂം ബ്രാഞ്ച് മദ്റസയിൽ പൊതുദർശനത്തിനുവെച്ച ഭൗതിക ശരീരം ദർശിക്കാൻ നൂറുകണക്കിനാളുകളാണ് ബ്രാഞ്ച് മദ്റസയിലേക്ക് ഒഴുകിയെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.