വൈലത്തൂര്‍ ടൗൺ വികസനം നടപ്പാക്കി ഗതാഗതക്കുരുക്ക് പരിഹരിക്കണം
text_fieldsതാനൂർ: വൈലത്തൂര്‍ ടൗൺ വികസനം നടപ്പാക്കി ഗതാഗത ക്കുരുക്കിന് പരിഹരിക്കണമെന്നാവശ്യപ്പെട്ട് താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രമേയം പാസാക്കി. ഭരണസമിതി യോഗത്തിൽ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ടി. നിയാസ് പ്രമേയം അവതരിപ്പിച്ചു. പൊന്മുണ്ടം ഗ്രാമപഞ്ചായത്തിലെ വൈലത്തൂരിലുണ്ടാകുന്ന ഗതാഗതക്കുരുക്ക് യാത്രക്കാര്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
ആംബുലന്‍സുകളടക്കം വാഹനങ്ങൾ മണിക്കൂറുകളോളം കുരുക്കില്‍പ്പെടുന്നത് നിത്യസംഭവമാണ്. പുതിയ ദേശീയപാത വരുന്നതോടു കൂടി വൈലത്തൂര്‍ ടൗണില്‍ പ്രശ്നം രൂക്ഷമാകും. 2019ല്‍ സര്‍ക്കാർ ടൗൺ വികസനവുമായി ബന്ധപ്പെട്ട് പ്രൊപ്പോസല്‍ കൊണ്ടുവരികയും 2020ൽ വൈലത്തൂരിലെ വ്യാപാരികളും കെട്ടിട ഉടമസ്ഥരും വൈലത്തൂര്‍ റോഡ് വികസനത്തിന് രണ്ട് മീറ്റർ സ്ഥലം സൗജന്യമായി വിട്ട് നല്‍കാമെന്ന് ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കും സ്ഥലം എം.എല്‍.എക്കും പൊതുമരാമത്ത് വകുപ്പിനും കത്ത് നല്‍കുകയും ചെയ്തതാണ്. എന്നാൽ ഇതു വരെയും യാഥാർഥ്യമാക്കാനാകാത്ത ടൗൺ വികസനം അടിയന്തരമായി നടപ്പാക്കാന്‍ സര്‍ക്കാർ നടപടി സ്വീകരിക്കണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ബ്ലോക്ക് പഞ്ചായത്ത് അംഗം എന്‍.വി. നിധിന് ദാസ് പ്രമേയത്തെ പിന്താങ്ങി. പ്രമേയം യോഗം ഐകകണ്ഠ്യേന പാസ്സാക്കി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സൽമ അധ്യക്ഷതവഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി. അഷ്റഫ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കുണ്ടിൽ ഹാജറ, യൂസഫ് കൊടിയേങ്ങൽ, ഷംസിയ സുബൈർ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഫാത്തിമ പുതുവത്ത്, ആബിദ ഫൈസൽ, അംഗങ്ങളായ വി.കെ.എ. ജലീൽ, സൈനബ ചേനാത്ത്, കാദർകുട്ടി വിഷാരത്ത്, പി. നാസർ, സാജിദ നാസർ, ടി. മൊയ്ദീൻ കുട്ടി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.