മലവെള്ളപ്പാച്ചിൽ; മാട്ടറമുക്കിലപറമ്പിൽ നാശം ഏറെ
text_fieldsതാഴേക്കോട്: ഗ്രാമപഞ്ചായത്തിലെ മാട്ടറ മുക്കിലപ്പറമ്പ്, മലങ്കട എന്നീ പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസമുണ്ടായ മലവെള്ളപ്പാച്ചിലിൽ ഉണ്ടായത് വൻനാശം. നിരവധി വീടുകൾക്കും പാലങ്ങൾക്കും റോഡുകൾക്കും നാശനഷ്ടമുണ്ടായി.
മുൻ വർഷങ്ങളിലും സമാന രീതിയിൽ പ്രദേശത്ത് മലവെള്ളപ്പാച്ചിലും നാശനഷ്ടങ്ങളും ഉണ്ടായിട്ടുണ്ട്. പ്രദേശത്തുകൂടി ഒഴുകുന്ന തോട് വീതി കൂട്ടി സുരക്ഷ ഭിത്തി നിർമിക്കണമെന്നത് കാലങ്ങളായുള്ള ആവശ്യമാണ്.
ചില വീടുകളുടെ അകത്ത് കൂടിയാണ് വെള്ളം ഒഴുകിയത്. ഉരുൾപൊട്ടലിന് സമാനമായ രീതിയിലാണ് കല്ലും മണ്ണും ഒഴുകിയെത്തിയത്. തകർന്ന റോഡുകൾ ഉടൻ പുനർനിർമിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പ്രദേശം നജീബ് കാന്തപുരം എം.എൽ.എ സന്ദർശിച്ചു. ഉരുൾപൊട്ടൽ സാധ്യതയുണ്ടോ എന്ന് പരിശോധിക്കാൻ ജിയോളജി, റവന്യൂ വകുപ്പുകൾ നടപടി സ്വീകരിക്കണമെന്നും നാശനഷ്ടങ്ങളുണ്ടായ ഭാഗത്ത് പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ പ്രദേശങ്ങളിൽ താമസിക്കുന്ന ജനങ്ങളുടെ ആശങ്കയകറ്റാനും സുരക്ഷ നടപടി സ്വീകരിക്കാനും ബന്ധപ്പെട്ടവർ അടിയന്തര ശ്രദ്ധ ചെലുത്തണം. നാശനഷ്ടങ്ങൾക്ക് മതിയായ നഷ്ടപരിഹാരം നൽകണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി, റവന്യൂ മന്ത്രി എന്നിവർക്ക് എം.എൽ.എ കത്തയച്ചു. യു.ഡി.എഫ് ഭാരവാഹികളായ പത്മനാഭൻ എന്ന താത്തേട്ടൻ, മൊയ്തൂട്ടി, ഷറഫുദ്ദീൻ, കെ.എം ഫത്താഹ്, ചേലക്കാടൻ മൂസ, എൻ.എൻ. ഉസ്മാൻ എന്നിവർ അനുഗമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.