താഴേക്കോട് 135 പട്ടികജാതി കുടുംബങ്ങൾക്ക് വീട്; ഒന്നാം ഗഡു സ്പീക്കർ വിതരണം ചെയ്തു
text_fieldsതാഴേക്കോട്: വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി താഴേക്കോട് പഞ്ചായത്തിൽ 135 പട്ടികജാതി കുടുംബങ്ങൾക്ക് വീട് നൽകുന്ന പദ്ധതി സ്പീക്കർ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. 5.41 കോടി രൂപയാണ് അടങ്കൽ. 2021-22 വർഷത്തിൽ പട്ടികജാതി വിഭാഗത്തിൽ വീടില്ലാത്ത മുഴുവൻ കുടുംബങ്ങളെയും പരിഗണിക്കുകയാണ്. 54.8 ലക്ഷം പദ്ധതി വിഹിതമാണ്. 2.97 കോടി രൂപ സർക്കാർ വായ്പയായി നൽകിയതാണ്. അടുത്ത ഒമ്പതുവർഷം കൊണ്ട് ഇത് അടച്ചുതീർക്കണം.
ഒാരോ വർഷവും പഞ്ചായത്തിന് നൽകുന്ന പദ്ധതി വിഹിതത്തിൽനിന്ന് ഈ തുക കുറച്ചാണ് നൽകുക. 135 പട്ടികജാതി കുടുംബങ്ങൾക്ക് വീടൊരുക്കുന്നത് അഭിമാന പദ്ധതിയാണെന്നും വലിയ നേട്ടമാണെന്നും സ്പീക്കർ എം.ബി. രാജേഷ് പറഞ്ഞു. പദ്ധതി നടപ്പാക്കുന്നതിെൻറ ഭാഗമായി മുഴുവൻ ഗുണഭോക്താക്കൾക്കും നിരാക്ഷേപ പത്രം പഞ്ചായത്ത് നേരത്തേ നൽകി.
ആദ്യഗഡുവായി 40,000 രൂപയുടെ വിതരണോദ്ഘാടനമാണ് ഞായറാഴ്ച നടത്തിയത്. പട്ടികജാതി വിഭാഗക്കാർക്ക് പുറമെ ലൈഫ് രണ്ടാംഘട്ടത്തിൽ അപേക്ഷ നൽകിയ 904 കുടുംബങ്ങളുടെ പട്ടികയിൽനിന്ന് 87 കുടുംബങ്ങൾക്കും ഈ വർഷം പഞ്ചായത്ത് വീടുനൽകുന്നുണ്ട്. ബ്ലോക്ക്, ജില്ല പഞ്ചായത്തുകൾ 20,000 രൂപ വീതവും നൽകുന്നുണ്ട്. നജീബ് കാന്തപുരം എം.എൽ.എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വി.ഇ.ഒ ഗിരീഷ് റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പ്രസിഡൻറ് എ.കെ. മുസ്തഫ, ടി.ടി. മുഹമ്മദലി, ജോസ് പണ്ടാരപ്പള്ളി, അബ്ദുൽ റഷീദ്, തങ്കച്ചൻ, പഞ്ചായത്ത് പ്രസിഡൻറ് കെ.പി. സോഫിയ, വൈസ് പ്രസിഡൻറ് മൊയ്തു പുലാക്കൽ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ എൻ. അബ്ദുൽ നാസർ തുടങ്ങിയവർ സംസാരിച്ചു.
ബ്ലോക്ക് വിഹിതം 12.5 ലക്ഷം കൈമാറി
പെരിന്തൽമണ്ണ: ബ്ലോക്ക് പഞ്ചായത്തിൽ എട്ടു ഗ്രാമ പഞ്ചായത്തുകളിലേക്ക് നൽകുന്ന ബ്ലോക്ക് വിഹിതം ഒന്നാം ഗഡു കൈമാറി. 12.5 ലക്ഷം രൂപയുടെ ചെക്ക് ആണ് താഴേക്കോട് നടന്ന ലൈഫ് ഭവന പദ്ധതി ഉദ്ഘാടന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻറ് കെ.പി. സോഫിയക്ക് ബ്ലോക്ക് പ്രസിഡൻറ് എ.കെ. മുസ്തഫ കൈമാറിയത്. ബ്ലോക്ക് പഞ്ചായത്ത് ഈ ഇനത്തിൽ എട്ടു പഞ്ചായത്തുകൾക്ക് ഒന്നാംഗഡുവായി ഒന്നേകാൽ കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഇതിനു പുറമെ കേന്ദ്രാവിഷ്കൃത പദ്ധതിയായ പി.എം.എ.വൈ പദ്ധതി പ്രകാരം തെരഞ്ഞെടുക്കപ്പെട്ടവരുടെ അന്തിമ പട്ടിക ഈ മാസം 28നു ഡോ. അബ്ദുസ്സമദ് സമദാനി എം.പി പ്രഖ്യാപിക്കും. പണി പൂർത്തിയായ വീടുകളുടെ താക്കോൽ ദാനവും സ്വന്തമായി ഭൂമിയില്ലാത്ത വിഭാഗങ്ങളിൽനിന്ന് തെരഞ്ഞെടുത്തവർക്കുള്ള ഭൂമി കൈമാറലും 28ന് നടക്കും. ബ്ലോക്ക് വൈസ് പ്രസിഡൻറ് കെ. വനജ, സ്ഥിരംസമിതി അധ്യക്ഷൻമാരായ കെ. അയമു, അബ്ദുൽ അസീസ്, നജ്മ തബ്ഷീറ, അംഗങ്ങളായ വിൻസി അനിൽ, വാസുദേവൻ, പ്രബിന ഹബീബ്, ഗിരിജ, സൽമ, ഗിരിജ ടീച്ചർ, ഉസ്മാൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.