വർഷങ്ങളുടെ കാത്തിരിപ്പ്; താഴേക്കോട് ആദിവാസികൾക്ക് വ്യക്തിരേഖയായി
text_fieldsതാഴേക്കോട്: ഗ്രാമപഞ്ചായത്തിലെ 48 പട്ടികവർഗ കുടുംബങ്ങളിലെ 180 പേർക്ക് അടിസ്ഥാന രേഖകൾ നൽകാൻ വിവിധ വകുപ്പ് ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് ക്യാമ്പ് നടത്തി. ആധാർ, റേഷൻ കാർഡ്, ജനന സർട്ടിഫിക്കറ്റ്, തൊഴിൽ കാർഡ്, മറ്റു രേഖകൾ എന്നിവ ക്യാമ്പിൽ തയാറാക്കി നൽകി. ആധാർ അടക്കം രേഖകളില്ലാത്തതിനാൽ പെൻഷൻ, റേഷൻ, വിദ്യാഭ്യാസ ആനുകൂല്യം എന്നിവ നൽകാതെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഇവരെ അവഗണിക്കുകയായിരുന്നു.
നവംബർ 30ന് പെരിന്തൽമണ്ണയിൽ നടന്ന മുഖ്യമന്ത്രിയുടെ നവകേരള സദസിൽ ബന്ധപ്പെട്ട വകുപ്പുകളിൽ ഈ പരാതികളെത്തിയത് തന്നെ ഉദ്യോഗസ്ഥർക്ക് നാണക്കേടായിരുന്നു. എ.ബി.സി.ഡി പരിപാടിയുടെയും താഴെക്കോട് പഞ്ചായത്തിന്റെയും മുൻകൈയോടെ വിഷയം പരിഹരിക്കാനാണ് തിങ്കളാഴ്ച ക്യാമ്പ് നടത്തിയത്. ഇത്ര കാലമായിട്ടും ആധാർ കാർഡ് കാത്ത് താഴേക്കോട് ആറാംകുന്ന് കോളനിയിൽ 20 പേരടക്കം താഴേക്കോട് പഞ്ചായത്തിൽ മൊത്തം 37 പേരാണുണ്ടായിരുന്നത്.
മൂന്നു പതിറ്റാണ്ടായി ഇടിഞ്ഞാടിയിൽ കുടിലിൽ കഴിഞ്ഞു വരുന്ന കുടുംബങ്ങളുടെ ഭൂമിക്ക് സർക്കാർ പട്ടയം നൽകിയിട്ടില്ല. 2003ൽ കാട്ടുനായ്ക്കർ വിഭാഗത്തിൽപെടുത്തി രേഖ നൽകി. ആധാർ കാർഡില്ലാത്തത് കൊണ്ട് ക്ഷേമ പെൻഷൻ ലഭിക്കാത്ത പത്തുപേരും ആധാർ നഷ്ടപ്പെട്ടതിനാൽ വിധവ പെൻഷൻ ലഭിക്കാത്ത ആറു വനിതകളു മുഖ്യമന്ത്രി മുമ്പാകെ പരാതി ഉന്നയിച്ചിരുന്നു. താഴെക്കോട് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഒരു ലക്ഷം രൂപ നീക്കിവെച്ചാണ് ആദിവാസി കുടുംബങ്ങൾക്ക് രേഖ ശരിയാക്കുന്നതെന്ന് പ്രസിഡന്റ് കെ.പി. സോഫിയ പറഞ്ഞു.
കരിങ്കല്ലത്താണി സ്വാഗത് ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.പി. സോഫിയ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മൊയ്തുപ്പു പിലാക്കൽ അധ്യക്ഷത വഹിച്ചു. വാർഡ് അംഗം സാജി പൊന്നേത്ത്, സി.ഡി.എസ് ചെയർ പേഴ്സൻ രാജേശ്വരി, അക്ഷയ ജില്ല കോഓഡിനേറ്റർ അനീഷ് കുമാർ, ട്രൈബൽ ഓഫിസർ ഷാഹിദ്, കെ.ആർ. രവി, എസ്.ടി പ്രൊമോട്ടർ മണികണ്ഠൻ എന്നിവർ സംസാരിച്ചു. വാർഡ് അംഗം ഉമ്മർ ഫാറൂഖ് സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി ടി.സി. മോഹൻദാസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.