മണ്ണിന്‍റെ അമ്ല സ്വഭാവം കൂടി വരുന്നു
text_fieldsമലപ്പുറം: ജില്ലയിലെ മണ്ണിന്‍റെ അമ്ല സ്വഭാവം കൂടി വരുന്നതായും ജൈവാംശം കുറവുള്ള മണ്ണ് സാമ്പിളുകളുടെ എണ്ണം വർധിച്ചതായും ജില്ലയുടെ ഫെർട്ടിലിറ്റി മാപ്പ് തയാറാക്കാൻ നടത്തിയ പഠനം വ്യക്തമാക്കുന്നു.ജില്ലയിലെ മണ്ണിൽ സ്വതവേ കൂടുതലുള്ള ഫോസ്ഫറസിന്‍റെ നിലവാരത്തിൽ വലിയ ഏറ്റക്കുറച്ചിലുകൾ ഉണ്ടായിട്ടില്ലെന്നും പഠനം വ്യക്തമാക്കുന്നു.
ജില്ല മണ്ണ് പരിശോധന ലബോറട്ടറിയും സഞ്ചരിക്കുന്ന മണ്ണ് പരിശോധന ലബോറട്ടറിയും ഇരുപതിനായിരത്തോളം മണ്ണ് സാമ്പിളുകൾ പരിശോധിച്ചതിനെ അടിസ്ഥാനമാക്കിയാണ് പുതിയ സോയിൽ ഫെർട്ടിലിറ്റി മാപ്പ് തയാറാക്കിയത്. അതേസമയം, ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിച്ച മണ്ണുകളിൽ പൊട്ടാസ്യത്തിന്‍റെ അളവ് കൂടിയിട്ടുണ്ട്. മുൻ പഠനങ്ങളിൽ മണ്ണിൽ പൊട്ടാസ്യത്തിന്‍റെ അളവ് കുറവായിരുന്നു രേഖപ്പെടുത്തിത്.
പൊട്ടാസ്യത്തിന്‍റെ അളവ് കൂടിയത് കൃഷികൾക്ക് ഗുണം ചെയ്യും. എന്നാൽ കൃത്യമായി മണ്ണ് പരിശോധിച്ച് വിളവിറക്കിയാൽ മാത്രമേ പ്രതീക്ഷിച്ച ഗുണം ലഭിക്കുകയുള്ളൂവെന്നും ഇതുമായി ബന്ധപ്പെട്ടവർ വ്യക്തമാക്കുന്നു. ജില്ലയിലെ മണ്ണിൽ ചെറിയ ശതമാനത്തിലേ സൂക്ഷ്മമൂലകങ്ങളുടെ അഭാവം പ്രകടമാവുന്നുള്ളൂ എന്നും കണ്ടെത്തിയിട്ടുണ്ട്. ബോറോൺ 31.1% മണ്ണിലും സൾഫർ 27.4% മണ്ണിലും അപര്യാപ്തമാണ്.
കേരളത്തിലെ മണ്ണ് അമ്ല സ്വഭാവം കൂടിയാതാണെന്ന് പഴയ പഠനങ്ങളിലും തെളിയിച്ചിട്ടുണ്ട്. അമ്ല സ്വഭാവം മുമ്പത്തേക്കാളും കൂടുകയാണെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്.2012ൽ കേരളത്തിൽ പ്ലാനിങ് ബോർഡിന്‍റെ നേതൃത്വത്തിൽ നടന്ന പഠനത്തിലെ മണ്ണിന്‍റെ നിലവാരവുമായി താരതമ്യം ചെയ്തതാണ് പുതിയ പഠനത്തിൽ മണ്ണിന്‍റെ മാറ്റങ്ങൾ വിലയിരുത്തിയത്. 10 വർഷത്തിനിടെ ജില്ലയിലെ മണ്ണിന്‍റെ ഘടനയിൽ മാറ്റങ്ങൾ വന്നിട്ടുണ്ടെന്ന് തന്നെയാണ് പുതിയ പഠനവും സൂചിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.