നങ്കൂരമിട്ട ബോട്ട് കത്തിനശിച്ചു
text_fieldsപൊന്നാനി ഹാർബറിന് സമീപത്തെ വാർഫിൽ നങ്കൂരമിട്ട ബോട്ടിലുണ്ടായ തീപിടിത്തം
പൊന്നാനി: മത്സ്യബന്ധനം കഴിഞ്ഞ് തിരികെയെത്തി പുതിയ വാർഫിന് സമീപം നങ്കൂരമിട്ടിരുന്ന ബോട്ട് കത്തി നശിച്ചു. പൊന്നാനി അഴീക്കൽ സ്വദേശി കുട്ടുമ്മാനകത്ത് ഫിർദൗസിന്റെ ഉടമസ്ഥതയിലുള്ള ‘മുഹമ്മദ് സഹദ്’ എന്ന ബോട്ടാണ് അഗ്നിക്കിരയായത്. തിങ്കളാഴ്ച അർധ രാത്രി 12.30 ഓടെയാണ് സംഭവം.
മറ്റു ബോട്ടുകൾക്ക് സമീപം കെട്ടിയിട്ടിരുന്ന ബോട്ടിൽ നിന്ന് തീ ഉയരുന്നത് കണ്ട മത്സ്യത്തൊഴിലാളികൾ ബോട്ടിനടുത്തേക്ക് ഓടിയെത്തിയെങ്കിലും തീ പടർന്നിരുന്നു. തുടർന്ന് മറ്റു ബോട്ടുകളിലേക്ക് തീ പടരാതിരിക്കാൻ ബോട്ടിന്റെ കെട്ടഴിച്ചു വിട്ടു. ഇതോടെ ബോട്ട് നിർത്തിയിട്ടിരുന്ന ഭാഗത്ത് നിന്ന് അകന്ന് മാറി.
പഴയ ജങ്കാറിനോട് ചേർന്ന് പുഴയിൽ ബോട്ടിന്റെ ഉൾഭാഗം പൂർണമായും കത്തിയമർന്നു. ഇതിനിടെ ഫയർഫോഴ്സും ഫിഷറീസ് റെസ്ക്യൂ ടീമും മത്സ്യത്തൊഴിലാളികളും ചേർന്ന് തീയണച്ചു. ഏകദേശം പതിനഞ്ച് മിനിറ്റോളം അഗ്നിബാധയുണ്ടായി. ബോട്ടിന്റെ മുക്കാൽ ഭാഗവും നശിച്ചിട്ടുണ്ട്.
ബോട്ടിലുണ്ടായിരുന്ന വലയും ജി.പി.എസ്, വയർലെസ് സംവിധാനങ്ങളും കത്തി നശിച്ചു. അപകടകാരണം വ്യക്തമായിട്ടില്ല. 41.50 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. ഒരാഴ്ച മുമ്പ് അറ്റകുറ്റപ്പണികൾ കഴിഞ്ഞ് കടലിലിറങ്ങിയ ബോട്ടാണ് അഗ്നിക്കിരയായത്.
കത്തിയമർന്നത് ഫിർദൗസിന്റെ സ്വപ്നങ്ങൾ
പൊന്നാനി: തീരക്കടൽ മത്സ്യബന്ധന പ്രതിസന്ധിയെ തുടർന്ന് മാസങ്ങളോളം കരക്കിരുന്ന ശേഷം കടലിലിറങ്ങിയ ഫിർദൗസിന് തിങ്കളാഴ്ച അർധരാത്രിയോടെ ലഭിച്ചത് ഉള്ളുലയ്ക്കുന്ന ഫോൺ കോളായായിരുന്നു. തന്റെ ജീവിത സമ്പാദ്യമായ മത്സ്യബന്ധന ബോട്ടിനെ അഗ്നിനാളങ്ങൾ വിഴുങ്ങിയെന്ന വാർത്ത ഞെട്ടലോടെയാണ് ഫിർദൗസ് കേട്ടത്.
ഗൾഫിൽ വർഷങ്ങളോളം ജോലി ചെയ്ത് മിച്ചം പിടിച്ച വരുമാനവും ഭാര്യയുടെ സ്വർണാഭരണങ്ങളും കമീഷൻകാരിൽ നിന്ന് പണം വാങ്ങിയുമെല്ലാമാണ് എട്ട് വർഷം മുമ്പ് ഫിർദൗസ് 48 അടി നീളമുള്ള മരബോട്ട് സ്വന്തമാക്കിയത്. മറ്റുള്ളവരെ ആശ്രയിക്കാതെ സ്വന്തം ബോട്ടിൽ തന്നെ തൊഴിൽ ചെയ്ത് ജീവിക്കാമെന്ന മോഹത്തിലാണ് ബോട്ട് സ്വന്തമാക്കിയത്.
തുടക്കത്തിൽ ബോട്ടിൽ നിന്ന് ലഭിക്കുന്ന വരുമാനം തിരിച്ചടവുകൾക്കും മറ്റുമായി പോയെങ്കിലും നഷ്ടങ്ങളില്ലാതെയാണ് സർവിസ് നടത്തിയിരുന്നത്. ഇതിനിടെ പണി കുറഞ്ഞതോടെ കടബാധ്യത പെരുകി. പലരിൽ നിന്നും കടം വാങ്ങിയാണ് കഴിഞ്ഞ മാസം ബോട്ട് അറ്റകുറ്റപ്പണികൾ നടത്തി കടലിലിറക്കിയത്.
പെരുന്നാളിന് മുമ്പ് വല നിറയെ മീൻ കിട്ടിയാൽ ബാധ്യതകൾ ഓരോന്നായി തീർക്കാമെന്ന മോഹത്തിലാണ് വൈകീട്ട് അഞ്ചരയോടെ ബോട്ട് തീരത്ത് നങ്കൂരമിട്ടത്. ചൊവ്വാഴ്ച വീണ്ടും കടലിലിറങ്ങാനായി വേണ്ട സാധന സാമഗ്രികൾ രാത്രി പത്തരയോടെ തന്ന ബോട്ടിൽ വെച്ച ശേഷം ഉറങ്ങാനായി വീട്ടിൽ പോയ ഫിർദൗസിനെ സങ്കടപ്പെടുത്തുന്ന വിവരമാണ് അർധരാത്രിയോടെ ലഭിച്ചത്. 41.50 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് ഫിർദൗസ് പറയുന്നത്. ഇത്രയും വലിയ തുക എങ്ങനെ തീർക്കുമെന്ന ആശങ്കയിലാണ് ഫിർദൗസ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.