തടസ്സം നീങ്ങി; മലപ്പുറം ജില്ല ആശുപത്രി റോഡ് വീതികൂട്ടല്‍ രണ്ടാംഘട്ടം ആരംഭിച്ചു
text_fieldsതിരൂർ: ഗതാഗതക്കുരുക്ക് രൂക്ഷമായ തിരൂര്‍ ജില്ല ആശുപത്രി റോഡ് വീതി കൂട്ടുന്നതിലുള്ള തടസ്സങ്ങള്‍ നീങ്ങി. വീതികൂട്ടാൻ 3.7 സെന്റ് സ്ഥലം തിരൂർ നഗരസഭക്ക് ജില്ല പഞ്ചായത്തിന്റെ അധീനതയിലുള്ള ജില്ല ആശുപത്രി വിഭാഗം സൗജന്യമായി വിട്ടുനൽകിയതോടെയാണ് അനിശ്ചിതത്വത്തിന് പരിഹാരമായത്. കഴിഞ്ഞ ദിവസം കലക്ടറുടെ നിർദേശത്തെ തുടർന്ന് എ.ഡി.എം എൻ.എം. മെഹറലിയുടെ അധ്യക്ഷതയിൽ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ജില്ല ആശുപത്രി അധികൃതരും തിരൂർ നഗരസഭയും റോഡ് വീതികൂട്ടുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ അനുകൂല തീരുമാനം കൈക്കൊണ്ടത്.
ഇതോടെ തിരൂര്‍ സിറ്റി ജങ്ഷൻ മുതല്‍ അമ്പലക്കുളങ്ങര വരെയുള്ള ജില്ല ആശുപത്രി റോഡ് വീതികൂട്ടുന്നതിന്റ രണ്ടാംഘട്ട പ്രവൃത്തി ആരംഭിച്ചു. നഗരസഭ 1.10 കോടി ചെലവില്‍ നിർമാണം തുടങ്ങിവെച്ച പ്രവൃത്തി ജില്ല ആശുപത്രി വിഭാഗം സ്ഥലം വിട്ടുനൽകാത്തതിനെ തുടർന്ന് നിര്‍ത്തിവെച്ചതായിരുന്നു. ജില്ല ആശുപത്രിയുടെ ഭരണചുമതലയുള്ള ജില്ല പഞ്ചായത്ത്, തിരൂർ നഗരസഭ, ജില്ല ആശുപത്രി അധികൃതർ എന്നിവരുടെ സാന്നിധ്യത്തിൽ അളന്ന് തിട്ടപ്പെടുത്തി 3.7 സെന്റ് സ്ഥലമാണ് നഗരസഭക്ക് കൈമാറിയത്. വ്യാഴാഴ്ച ജില്ല പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖയുടെ സാന്നിധ്യത്തിലാണ് സ്ഥലം അളന്ന് തിട്ടപ്പെടുത്തിയത്.
ഇതോടൊപ്പം സ്വകാര്യവ്യക്തിയുടെ ഭൂമി വിട്ടുകിട്ടുന്നതിനും നഗരസഭ നടപടി സ്വീകരിച്ചിട്ടുണ്ട്. ജില്ല പഞ്ചായത്ത് സെക്രട്ടറി ബിജു, ആരോഗ്യസ്ഥിരം സമിതി ചെയര്പേഴ്സൻ നസീബ അസീസ്, ജില്ല പഞ്ചായത്ത് അംഗം ഫൈസൽ എടശ്ശേരി, തിരൂർ നഗരസഭ ചെയര്പേഴ്സൻ നസീമ, വൈസ് ചെയര്മാന് രാമന്‍കുട്ടി പാങ്ങാട്ട്, കൗണ്‍സിലര്‍മാരായ കെ.കെ. സലാം, ഹാരിസ് അന്നാര, പി. ഷാനവാസ്, ആശുപത്രി സൂപ്രണ്ട് ഡോ. എ.എം. ഉസ്മാന്‍കുട്ടി, ആര്.എം.ഒ ബബിത മുഹമ്മദ്, റവന്യൂ ഇന്‍സ്പെക്ടര്‍ ബി. രാജേഷ്, എച്ച്.എം.സി അംഗങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.