നികുതി അടക്കാതെ സർവിസ് നടത്തിയ ബസ് പിടിച്ചെടുത്തു
text_fieldsതിരൂർ: മലപ്പുറം -പടപ്പറമ്പ് റൂട്ടിൽ നികുതി അടക്കാതെ ദീർഘകാലമായി സർവിസ് നടത്തിയിരുന്ന സ്വകാര്യ ബസ് അസി. മോട്ടോർ വെഹിക്ൾസ് ഇൻസ്പെക്ടർ വിജേഷിന്റെ നേതൃത്വത്തിൽ പിടിച്ചെടുത്തു.
നികുതിയിനത്തിൽ 2,28,908 രൂപ ഈടാക്കുകയും ചെയ്തു. തിരൂർ -തെയ്യാല, തിരൂർ -കോഴിക്കോട് റൂട്ടിൽ പെർമിറ്റില്ലാതെ സർവിസ് നടത്തിയ രണ്ട് സ്വകാര്യ ബസുകൾ മോട്ടോർ വെഹിക്ൾസ് ഇൻസ്പെക്ടർ ജയചന്ദ്രന്റെ നേതൃത്വത്തിൽ കേസെടുക്കുകയും സർവിസ് നിർത്തിപ്പിക്കുകയും പിഴയീടാക്കാൻ നോട്ടീസ് നൽകുകയും ചെയ്തു.
കഴിഞ്ഞ ഒരാഴ്ചയായി മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മലപ്പുറം എൻഫോഴ്സ്മെന്റ് വിങ്ങിലെ തിരൂർ, പൊന്നാനി, നിലമ്പൂർ, ഏറനാട്, തിരൂരങ്ങാടി, പെരിന്തൽമണ്ണ താലൂക്കിലെ എൻഫോഴ്സ്മെന്റ് സ്ക്വാഡുകൾ നടത്തിയ വാഹന പരിശോധനകളിലാണ് നിരവധി നിയമലംഘനങ്ങൾ കണ്ടെത്തുകയും നടപടി എടുക്കുകയും ചെയ്തത്.
മോട്ടോർ ക്യാബുകളിലും കോൺട്രാക്ട് കാര്യേജ് ബസുകളിലും നടത്തിയ പരിശോധനകളിൽ ഫിറ്റ്നസ് ഇല്ലാത്ത എട്ട് വാഹനങ്ങൾ, ഇൻഷുറൻസ് ഇല്ലാത്ത 12 വാഹനങ്ങൾ, നികുതി അടക്കാത്ത 21 വാഹനങ്ങൾ, പെർമിറ്റില്ലാതെ സർവിസ് നടത്തിയ അഞ്ച് വാഹനങ്ങൾ എന്നിവ കണ്ടെത്തി. പിഴയായി 1,86,000 രൂപ ഈടാക്കി.
മോട്ടോർ വാഹന വകുപ്പ് നിർദേശിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കാതെ സ്കൂളുകളിൽനിന്നും കോളജുകളിൽനിന്നും വിനോദയാത്രക്ക് പോയ രണ്ട് കോൺട്രാക്ട് കാര്യേജ് ബസുകൾക്കെതിരെയും നിയമനടപടി സ്വീകരിച്ചിട്ടുണ്ട്.
തിരൂർ, തിരൂരങ്ങാടി, എറനാട്, കൊണ്ടോട്ടി, പെരിന്തൽമണ്ണ, നിലമ്പൂർ, പൊന്നാനി താലൂക്കുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനക്ക് മോട്ടോർ വെഹിക്ൾസ് ഇൻസ്പെക്ടർമാരായ ജയചന്ദ്രൻ, അരുൺ, അസൈനാർ, പ്രമോദ് ശങ്കർ, ബിനോയ് കുമാർ, അസി. മോട്ടോർ വെഹിക്ൾസ് ഇൻസ്പെക്ടർമാരായ സലീഷ്, മനോഹരൻ, രാജേഷ്, അജീഷ്, അബ്ദുൽ കരീം, ഷൂജ മാട്ടട, വിഷ്ണു വിജയ്, അബിൻ ചാക്കോ, വിജീഷ്, പ്രേംകുമാർ, മനോഹരൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.