കാർ നിയന്ത്രണം വിട്ട് മറിഞ്ഞു; ഡ്രൈവറെ രക്ഷപ്പെടുത്തി അഗ്നിരക്ഷാസേന
text_fieldsകീഴുപറമ്പ്: പഴംപറമ്പിൽ കാർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു. കാർ യാത്രക്കാരനെ മുക്കം അഗ്നിരക്ഷസേന രക്ഷപ്പെടുത്തി. തിങ്കളാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. കൊണ്ടോട്ടിയിൽനിന്ന് കുടരഞ്ഞിയിലേക്ക് പഴംപറമ്പ് വഴി പോകുകയായിരുന്ന കാറാണ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞത്. ഉടൻ തന്നെ പ്രദേശവാസികൾ കാറിലെ യാത്രക്കാരനെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
കാർ ഡ്രൈവർ ഇരിക്കുന്ന ഭാഗം തുറക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു. ഉടൻ തന്നെ മുക്കം അഗ്നിരക്ഷസേന ഓഫിസിൽ വിവരം അറിയിച്ചു. സ്റ്റേഷന് ഓഫിസർ എം. അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി കാറിന്റെ പിൻവശത്ത് കയർ കുടുക്കി മുകളിലേക്ക് വലിച്ചുകയറ്റിയാണ് കൂടരഞ്ഞി സ്വദേശിയായ ഡ്രൈവർ ഷംസീറിനെ പരിക്കില്ലാതെ രക്ഷപ്പെടുത്തിയത്.
കൊക്കയിലേക്ക് മറിഞ്ഞ കാർ കല്ലിൽ തടഞ്ഞു നിന്നതിനാലാണ് വൻ അപകടം വഴിമാറിയത്. ഇല്ലെങ്കിൽ 40 മുതൽ 100 അടി വരെ താഴ്ചയിലേക്ക് എത്തുമായിരുന്നുവെന്ന് മുക്കം അഗ്നിരക്ഷസേന ഓഫിസർ എം. അബ്ദുൽ ഗഫൂർ പറഞ്ഞു. സീനിയർ ഫയർ ഓഫിസർ കെ. നാസർ, സേനാംഗങ്ങളായ കെ.സി. അബ്ദുൽ സലിം, എം. സുജിത്ത്, കെ. ശിംജു, കെ.പി. അമീറുദ്ദീൻ, വി. സലിം, കെ.ടി. സ്വാലിഹ്, ഇ. അഭിലാഷ്, ടി.പി. ഫാസിൽ അലി, വി.എം. മിഥുൻ, ടി. രവീന്ദ്രൻ, ജോളി ഫിലിപ്പ് എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.