യുവാവിന്റെ ജാഗ്രത; കാറിനടിയിൽപെട്ട പൂച്ചക്കുഞ്ഞിന് പുതുജീവൻ
text_fieldsമലപ്പുറം: മുണ്ടുപറമ്പ് ജങ്ഷനിലെ ഗതാഗതക്കുരുക്കിൽ കുടുങ്ങിയ കാറിനടിയിലേക്ക് ഓടിക്കയറിയ പൂച്ചക്കുഞ്ഞിന് പുതുജീവനേകി കാർ ഡ്രൈവറും മലപ്പുറം അഗ്നിരക്ഷ സേനയും. ചൊവ്വാഴ്ച രാവിലെ 11 ഓടെയായിരുന്നു സംഭവം. തിരക്കുള്ള മുണ്ടുപറമ്പ് ജങ്ഷനിൽ കാറിനടിയിലേക്ക് ഓടിക്കയറിയ പൂച്ചക്കുഞ്ഞ് പുറത്ത് കടന്നിട്ടില്ലെന്ന് തോന്നിയപ്പോൾ കോഡൂർ വലിയാട് സ്വദേശി പി.കെ. ഷിബിൽ കാർ മുന്നോട്ടെടുക്കാതെ അവിടെതന്നെ നിർത്തിയിടുകയായിരുന്നു. പിന്നെ തൊട്ടടുത്തുള്ള അഗ്നിരക്ഷ സേനയുടെ ഓഫിസിലേക്കെത്തി.
യൂനിറ്റ് സ്റ്റേഷൻ ഓഫിസർ ഇ.കെ. അബ്ദുൽ സലീമിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാസേന കുതിച്ചെത്തി. വാഹനത്തിന്റെ അടിഭാഗം പരിശോധിച്ചപ്പോൾ കരച്ചിൽ കേട്ടു. ഷോക് അബ്സോർബറിന്റെയും വീലിന്റേയും ഇടയിൽ കിടക്കുകയായിരുന്നു പൂച്ചക്കുഞ്ഞ്. കാർ ചെറുതായൊന്ന് മുന്നോട്ടെടുത്തിരുന്നെങ്കിൽ ജീവൻ തന്നെ നഷ്ടപ്പെടുമായിരുന്നു. ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ രജീഷ് കൈയുറ ധരിച്ച് കാറിനടിയിലേക്ക് കയറി പൂച്ചക്കുഞ്ഞിനെ ജീവനോടെ പുറത്തെടുത്തു. പരിചരണവും നൽകി. ഇതിനിടെ വാഹനങ്ങളുടെ നീണ്ടനിര തന്നെയുണ്ടായെങ്കിലും പരിശ്രമം വിജയം കണ്ടപ്പോൾ എല്ലാവരും ഒരുമിച്ച് കൈയടിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.