ആദിവാസികളുടെ ഭൂപ്രശ്നം നേരിട്ട് മനസ്സിലാക്കാന്‍ കലക്ടറെത്തി
text_fieldsകരുളായി: നെടുങ്കയം ഉള്‍വനത്തിലെ ആദിവാസികളുടെ ഭൂമി സംബന്ധിച്ച പ്രശ്നങ്ങള്‍ നേരിട്ട് മനസ്സിലാക്കാന്‍ കലക്ടര്‍ വി.ആര് പ്രേംകുമാറും സംഘവും പുലിമുണ്ടയിലെ ചേമ്പുംകൊല്ലി, മുണ്ടക്കടവ് കോളനികളിലെത്തി. 2019ലെ മലവെള്ളപ്പാച്ചിലിൽ ഭൂമിയും വീടും നഷ്ടപ്പെട്ട മുണ്ടക്കടവിലെ 37 ഓളം കുടുംബങ്ങളാണ് പുലിമുണ്ടയില്‍ താൽക്കാലിക കുടിൽ കെട്ടി കഴിയുന്നത്. നാല് വര്‍ഷം കഴിഞ്ഞെങ്കിലും ഒരു നടപടിയും സർക്കാർ സ്വീകരിക്കാത്തതിനെതുടര്‍ന്ന് ആദിവാസികള്‍ ഹൈകോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കലക്ടര്‍ നേരിട്ടെത്തിയത്. 2019 ആഗസ്റ്റിലുണ്ടായ പ്രളയത്തില്‍ ഭൂമിയും വീടും നഷ്ടപ്പെട്ടവരാണ് കരുളായി ഉള്‍വനത്തിലെ മുണ്ടക്കടവിലുള്ള ആദിവാസികള്‍. അന്ന് ഇവിടെയുള്ള 30 ലധികം കുടുംബങ്ങള്‍ ചേമ്പുംകൊല്ലിയിലേക്കാണ് കുടിയേറിപ്പാര്‍ത്തത്. നഷ്ടപ്പെട്ട ഭൂമിക്ക് പകരം ഭൂമി അനുവദിക്കണമെന്ന് നിരവധി തവണ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. പരിഹാരമില്ലാത്ത സഹചര്യത്തിലാണ് ഹൈകോടതിയെ സമീപിക്കേണ്ടി വന്നത്.
പൂര്‍വികര്‍ താമസിച്ചിരുന്ന മാതന്കുന്നിലെ ഭൂമി അളന്ന് തിട്ടപ്പെടുത്തുകയും അതേ അളവിലുള്ള ഭൂമി ചേമ്പുംകൊല്ലിയില്‍ പതിച്ച് നല്‍കണമെന്നും ആദിവാസികള്‍ കലക്ടറോട് ആവശ്യപ്പെട്ടു. മാതന്‍കുന്നില്‍ ഇവരുടെ പൂർവികര്‍ താമസിച്ചിരുന്നതായി നിലമ്പൂര്‍ സൗത്ത് ഡി.എഫ്.ഒ പ്രവീണ്‍ ജില്ല കലക്ടറെ അറിയിച്ചു. എന്നാല്‍, ആ ഭൂമിക്ക് പകരം ആവശ്യപ്പെടുന്ന ഭൂമി ഇവര്‍ക്ക് പതിച്ച് നല്കണമെങ്കില് നിലവില്‍ നിയമമില്ലെന്നും ഇവരുടെ ആവശ്യം ഹൈകോടതിയെയും സര്‍ക്കാറിനെയും രേഖാമൂലം അറിയിക്കാമെന്നും കലക്ടര്‍ ഉറപ്പ് നല്കി. എന്നാൽ, ലൈഫ് മിഷന് പദ്ധതിയില്‍ ഉൾപ്പെടുത്തി താമസിക്കാന്‍ നാട്ടിന്‍പുറത്ത് ഭൂമിയും വീടും നല്കിയാല് ആരെങ്കിലും സ്വീകരിക്കാന്‍ തയാറാണോയെന്ന കലക്ടറുടെ ചോദ്യത്തിന് ആരിൽ നിന്നും പ്രതികരണമുണ്ടായില്ല.
കരുളായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ അഞ്ചേരിയന്‍, പെരിന്തല്‍മണ്ണ സബ് കലക്ടര്‍ ശ്രീധന്യ സുരേഷ്, ഡെപ്യുട്ടി കലക്ടര്‍മാരായ സറില്‍ സെബാസ്റ്റ്യൻ, അന്‍വര്‍ സാദത്ത്, നിലമ്പൂര്‍ തഹസില്‍ദാര്‍ സിന്ധു, സൗത്ത് ഡി.എഫ്.ഒ പ്രവീണ്‍, എല്‍.എസ്.ജി.ഡി ഡെപ്യുട്ടി ഡയറക്ടര്‍ വി.കെ മുരളി, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്. രേണുക, എം.ജി.എന്‍.ആര്. ഇ.ജി.എസ് ജെ.പി.സി വിജയകുമാര്‍, ഐ.റ്റി.ഡി.പി പ്രൊജക്ട് ഓഫിസര്‍ കെ.എസ് ശ്രീരേഖ എന്നിവരുൾപ്പെടെ പത്തിലധികം വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, അഡ്വ. അശോക് കുമാര്‍, വാര്‍ഡ് അംഗം ഇ.കെ അബ്ദുറഹിമാന്, മറ്റ് ജനപ്രതിനിധികള്‍ എന്നിവർ സംഘത്തിലുണ്ടായിരുന്നു. സാഹചര്യങ്ങള്‍ നേരിട്ട് മനസിലാക്കാന്‍ ഹൈകോടതി നിയോഗിച്ച സബ് ജഡ്ജി സാബിര്‍ ഇബ്രാഹിമിന്റെ നേതൃത്വത്തിലുള്ള ജുഡീഷ്യല്‍ സംഘം തിങ്കളാഴ്ച ഇവിടെ സന്ദര്‍ശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.