സബ് ജഡ്ജിയുടെ ഉറപ്പ്; 'മുണ്ടേരി വനത്തിലെ ആദിവാസികളുടെ അവസ്ഥ ഹൈകോടതിയെ അറിയിക്കും'
text_fieldsനിലമ്പൂര്‍: മുണ്ടേരി ഉള്‍വനത്തിലെ ആദിവാസികളുടെ അവസ്ഥ ഹൈകോടതിയെ അറിയിക്കുമെന്ന് ജില്ല ലീഗല്‍ സര്‍വിസസ് അതോറിറ്റി സെക്രട്ടറിയായ സബ് ജഡ്ജി എം. ഷാബിര്‍ ഇബ്രാഹിം. ഉള്‍വനത്തിലെ ഇരുട്ടുകുത്തി, വാണിയമ്പുഴ, തരിപ്പപൊട്ടി കോളനികള്‍ സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രളയത്തില്‍ പാലവും വീടുകളും തകര്‍ന്നതിനാൽ നാലുവര്‍ഷമായി ഉള്‍വനത്തില്‍ പ്ലാസ്റ്റിക് ഷീറ്റ് കെട്ടി ദുരിത ജീവിതം നയിക്കുന്ന നിലമ്പൂരിലെ 300 ആദിവാസി കുടുംബങ്ങളുടെ പുനരധിവാസത്തിനായി കെ.പി.സി.സി ജനറല്‍ സെക്രട്ടറി ആര്യാടന് ഷൗക്കത്തും വാണിയമ്പുഴ കോളനിയിലെ സുധയും നല്കിയ പൊതുതാല്പര്യഹരജിയില് ഹൈകോടതി നിർദേശപ്രകാരമാണ് രണ്ടാം തവണയും സബ് ജഡ്ജി കോളനികളിലെത്തിയത്.
നേരത്തേ ഹൈകോടതി നിർദേശപ്രകാരം കോളനികള്‍ സന്ദര്‍ശിച്ച് ആദിവാസികളുടെ ദയനീയാവസ്ഥ വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് പരിഗണിച്ച ചീഫ് ജസ്റ്റിസ് എ.ജെ. ദേശായി, ജസ്റ്റിസ് വി.ജി. അരുണ്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് രണ്ടാഴ്ചക്കകം കുടിവെള്ളവും ആവശ്യമായ ബയോ ടോയ് ലറ്റുകളും കോളനികളില്‍ ലഭ്യമാക്കണമെന്ന് ആഗസ്റ്റ് 17ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഉത്തരവ് നടപ്പാക്കാതിരുന്നതോടെ സര്‍ക്കാറിനോട് ഹൈകോടതി വിശദീകരണം ആവശ്യപ്പെട്ടു.
ഹൈകോടതി ഉത്തരവ് നടപ്പാക്കാന്‍ സ്വീകരിച്ച നടപടി വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കാനും നിർദേശിച്ചിരുന്നു. ആഗസ്റ്റ് 19നകം ആവശ്യമായ ബയോ ടോയ് ലറ്റുകള്‍ സ്ഥാപിക്കാനും കുടിവെള്ള സൗകര്യം ലഭ്യമാക്കാനും കര്‍ശന ഉത്തരവും നല്കി. മൂന്ന് ബയോ ടോയ് ലറ്റുകള്‍ സ്ഥാപിച്ചതായും പ്രളയത്തില്‍ തകര്‍ന്ന വീടുകള്‍ വാസയോഗ്യമാണെന്നും കുടിവെള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും കാണിച്ച് ഐ.ടി.ഡി.പി ജില്ല പ്രോഗ്രാം ഓഫിസര്‍ കെ.എസ്. ശ്രീരേഖ കോടതിയിൽ സത്യവാങ്മൂലം സമര്‍പ്പിച്ചു.
ഇരുട്ടുകുത്തി കോളനിയിലെ 39 കുടുംബങ്ങള്‍ക്കും വീടുകളുണ്ടെന്നും പ്രളയത്തില്‍ തകര്‍ന്ന ചില വീടുകള്‍ ലൈഫ് പദ്ധതിയിലൂടെ പുനര്‍നിര്‍മിച്ചതായും എല്ലാ വീടുകളിലും വൈദ്യുതി കണക്ഷനുണ്ടെന്നും സത്യവാങ് മൂലത്തിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഈ റിപ്പോർട്ട് വസ്തുത വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരുടെ അഭിഭാഷകൻ അഡ്വ. പിയൂസ് എ. കൊറ്റം കോടതിയെ അറിയിച്ചു. ഇതോടെയാണ് ചീഫ് ജസ്റ്റിസ് മലപ്പുറം ജില്ല ലീഗല്‍ സര്‍വിസ് അതോറിറ്റിയോട് വീണ്ടും കോളനികള്‍ സന്ദര്‍ശിച്ച് ഇപ്പോഴത്തെ അവസ്ഥ വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് നാലാഴ്ചക്കകം സമര്‍പ്പിക്കാന്‍ ഉത്തരവിട്ടത്.
2019ലെ പ്രളയത്തില്‍ കോളനികളിലേക്കുള്ള പാലം ഒലിച്ചുപോയതോടെ മുളകൊണ്ടുണ്ടാക്കിയ ചങ്ങാടത്തിലാണ് സബ് ജഡ്ജിയും ഉദ്യോഗസ്ഥരും കോളനിയിലത്തിയത്. ഉപയോഗശൂന്യമായ ശുചിമുറികൾ, വൈദ്യുതി കണക്ഷനില്ലാത്തതും കുടിവെള്ളം ഇല്ലാത്തതുമായ വീടുകൾ എന്നിവ ജഡ്ജി നേരിൽ കണ്ടു. കുടിവെള്ള സൗകര്യമില്ലാത്തത് കൊണ്ട് പുഴയോരത്തുണ്ടാക്കിയ കുഴിയില്‍ നിന്നാണ് കുടിക്കാന്‍ വെള്ളമെടുക്കുന്നതെന്ന് ആദിവാസികള്‍ മൊഴി നല്കി.
രാവിലെ പതിനൊന്നരയോടെ കോളനിയിലെത്തിയ സബ് ജഡ്ജും സംഘവും പത്തുകിലോമീറ്ററിലേറെ വനത്തിലൂടെ ചുറ്റി നടന്നാണ് കോളനികള്‍ സന്ദര്‍ശിച്ചത്. മൂന്നു മണിക്കൂറിലേറെ സമയമെടുത്തായിരുന്നു സന്ദര്‍ശനം. തണ്ടര്‍ ബോള്‍ട്ട് കമാന്‍ഡോ സംഘത്തിന്റെ സുരക്ഷയുമുണ്ടായിരുന്നു. ഐ.ടി.ഡി.പി ജില്ല പോഗ്രാം ഓഫിസര്‍ കെ.എസ്. ശ്രീരേഖ, പോത്തുകല്‍ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.