ലൈഫ് ഭവന നിർമാണം വൈകുന്നു; പ്രതിഷേധിച്ച് ആദിവാസികൾ
text_fieldsനിലമ്പൂർ: കാലാവധി കഴിഞ്ഞിട്ടും വീട് നിർമാണം പൂർത്തിയാകാതെ പാതിവഴിയിൽ നിർത്തിയ സൊസൈറ്റിക്കെതിരെ നടപടി ആവശ്യപ്പെട്ട് ആദിവാസി ക്ഷേമസമിതിയുടെ നേതൃത്വത്തിൽ വഴിക്കടവ് പഞ്ചായത്തിലെ പുഞ്ചക്കൊല്ലി, അളക്കൽ ആദിവാസി കുടുംബങ്ങൾ വഴിക്കടവ് ഗ്രാമപഞ്ചായത്ത് ഓഫിസിലേക്ക് മാർച്ച് നടത്തി.
അളക്കലിൽ ഒരു വർഷം മുമ്പ് ആരംഭിച്ച 10 കുടുംബങ്ങളുടെ ലൈഫ് ഭവന നിർമാണമാണ് പാതി വഴിയിൽ കിടക്കുന്നത്. പോത്തുകൽ മൾട്ടി പർപ്പസ് സൊസൈറ്റിക്കാണ് നിർമാണ ചുമതല. 10 വീടുകളും പാതിവഴിയിലാണ്. പുഞ്ചകൊല്ലിയിൽ 21 കുടുംബങ്ങൾക്ക് ലൈഫിൽ വീടനുവദിച്ചെങ്കിലും ഒന്നാം ഗഡു നൽകിയിട്ടുമില്ല. പുഞ്ചക്കൊല്ലിയിൽ മുമ്പ് 10 വീടുകൾ ഗുണഭോക്താക്കൾ സ്വന്തം നിലയിൽ നിർമിച്ചിരുന്നു. പുതിയതായി അനുവദിച്ച വീടും സൊസൈറ്റിയെ ഒഴിവാക്കി സ്വന്തം നിലയിൽ നിർമിക്കാൻ അനുവദിക്കണമെന്നും സമരക്കാർ ഉന്നയിച്ചു. സമരത്തിന് ശേഷം ഇത് സംബന്ധിച്ച് സെക്രട്ടറിക്ക് രേഖാമൂലം ആദിവാസികൾ പരാതി നൽകി. ആദിവാസി ക്ഷേമ സമിതി ജില്ല കോഓഡിനേറ്റർ വി.കെ. ഷാനവാസ് ഉദ്ഘാടനം ചെയ്തു.
സി.പി.എം വഴിക്കടവ് ലോക്കൽ സെക്രട്ടറി എം.ടി. അലി അധ്യക്ഷത വഹിച്ചു. ഏരിയ കമ്മിറ്റി അംഗം എ. അനസ്, മരുത ലോക്കൽ സെക്രട്ടറി എം. ശിഹാബ്, പി.കെ.എസ് ജില്ല കമ്മിറ്റിയംഗം പി.സി. നാഗൻ, പഞ്ചായത്ത് മെംബർമാരായ പി.കെ. അബ്ദുൽ കരീം, അഡ്വ. നിമിഷ പി. നാഗ്, സിൽവി മനോജ്, ടി.എം. ഷൈലജ, ബുഷ്റ തെക്കൻ എന്നിവർ സംസാരിച്ചു. പുഞ്ചക്കൊല്ലി ആദിവാസി നഗറിലെ ഊര് മുപ്പൻ കോട്ടചാത്തൻ, വെള്ളക്കരിയൻ, വീരൻ, സത്യൻ, ചാത്തി എന്നിവർ സമരത്തിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.