അനിശ്ചിതത്വം നീങ്ങി; പൊന്നാനിയിൽ യാത്രാബോട്ട് ജെട്ടി നിർമാണം ഇന്ന് തുടങ്ങും
text_fieldsപൊന്നാനി: പൊന്നാനി അഴിമുഖത്ത് ജങ്കാർ സർവിസ് നിലച്ചതിന് താൽക്കാലിക പരിഹാരമായി യാത്രാബോട്ട് സർവിസ് നടത്തുന്നതിനുള്ള ജെട്ടി നിർമാണത്തിന് വ്യാഴാഴ്ച തുടക്കമാകും. പൊന്നാനി അഴിമുഖത്തും പടിഞ്ഞാറെക്കരയിലുമാണ് നഗരസഭയുടെ നേതൃത്വത്തിൽ ജെട്ടി നിർമിക്കുന്നത്. ജെട്ടി നിർമിക്കുന്നതിന് പുറത്തൂർ പഞ്ചായത്ത് തയാറാവാത്തതിനെ തുടർന്നാണ് പൊന്നാനി നഗരസഭ തന്നെ ഇരുകരകളിലും ജെട്ടി നിർമിക്കാൻ തീരുമാനിച്ചത്.
ഡിസംബർ 10 മുതൽ താൽക്കാലിക യാത്രാബോട്ട് അഴിമുഖത്ത് സർവിസ് നടത്താനാണ് തീരുമാനിച്ചിരുന്നതെങ്കിലും കടത്ത് അവകാശം നഗരസഭക്ക് മാത്രമായതിനാൽ ജെട്ടി നിർമിക്കുന്നതിൽനിന്ന് പുറത്തൂർ പഞ്ചായത്ത് പിന്തിരിയുകയായിരുന്നു. ഇതിനിടെ ബോട്ട് സർവിസ് വൈകുന്നതിനെതിരെ പ്രതിഷേധം ശക്തമായി. ഇതോടെയാണ് അടിയന്തരമായി ജെട്ടി നിർമിക്കാൻ നഗരസഭ രംഗത്തെത്തിയത്.
വാഹനങ്ങൾ ഒഴികെ യാത്രക്കാർക്ക് മാത്രമാണ് ബോട്ടിൽ സഞ്ചരിക്കാനാവുക. നഗരസഭ വിഹിതമായി 1000 രൂപ കരാറുകാർ മാസം തോറും നൽകണം. 20 രൂപയാണ് ടിക്കറ്റ് നിരക്ക്. ഭിന്നശേഷിക്കാർക്കും വയോധികർക്കും സൗജന്യ നിരക്കിൽ യാത്ര അനുവദിക്കും. മൂന്നുമുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്ക് 10 രൂപയും വിദ്യാർഥികൾക്ക് അഞ്ച് രൂപയും ഈടാക്കും.
ജങ്കാർ സർവിസ് ആരംഭിക്കുന്നതുവരെ യാത്രാബോട്ട് സർവിസ് നടത്താനാണ് തീരുമാനം. ജങ്കാർ മുടങ്ങുമ്പോഴും ഈ സംവിധാനം ഏർപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.ഇതോടെ പൊന്നാനി-പടിഞ്ഞാറേക്കര റൂട്ടിൽ മാസങ്ങളായുള്ള ഗതാഗത പ്രശ്നത്തിന് പരിഹാരമാകും. വിദ്യാർഥികളും മത്സ്യത്തൊഴിലാളികളുമുൾപ്പെടെ നൂറുകണക്കിനാളുകളാണ് ജങ്കാർ നിലച്ചതോടെ പ്രയാസത്തിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.