സ്കൂൾ തുറക്കാൻ കാത്തുനിൽക്കാതെ മാഷ് പോയി; സ്വപ്നം ഇനി മക്കൾ വാർത്തയാക്കും
text_fieldsമലപ്പുറം: ഒതുക്കുങ്ങൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് വിളിപ്പാടകലെയുള്ള വീട്ടിലെ കൊച്ചു സ്വീകരണമുറി. പത്താം ക്ലാസുകാരൻ മെഹ്താബ് തുണിശീല കൊണ്ട് ബാക്ക് സ്ക്രീൻ വെച്ച് ട്രൈപോഡിൽ മൊബൈൽ ഫോൺ സെറ്റ് ചെയ്തു. അനിയൻ എട്ടാം ക്ലാസുകാരൻ മെഹ്ബിൻ ലൈറ്റ് ഓണാക്കി. നിമിഷങ്ങൾക്കകം ഇത്താത്ത മെഹ്റീെൻറ മുഖം സ്ക്രീനിൽ തെളിഞ്ഞു: 'നമസ്കാരം ന്യൂസ് 9 വാർത്തകളിലേക്ക് സ്വാഗതം'. ഇവർ അബ്ബ എന്ന് വിളിക്കുന്ന പ്രിയ പിതാവിെൻറ അപ്രതീക്ഷിത വേർപാടുണ്ടാക്കിയ വേദനയിലും ആഘാതത്തിലും കുറച്ചുകാലമായി നിർത്തിവെച്ച ന്യൂസ് ബുള്ളറ്റിൻ പുനരാരംഭിക്കുകയായിരുന്നു. തിങ്കളാഴ്ച സ്കൂൾ തുറക്കുന്നതിന് മുന്നോടിയായാണ് 'ന്യൂസ് 9 മലപ്പുറം' സജീവമാക്കി അധ്യാപകനും കവിയും ഗാനരചയിതാവുമായിരുന്ന പിതാവ് അക്ബർ ഒതുക്കുങ്ങലിെൻറ സ്വപ്നം മക്കൾ മൂവരും പൂവണിയിക്കുന്നത്. ഓൺലൈൻ ചാനൽ ആരംഭിച്ച് മൂന്ന് മാസം പിന്നിടവെ ഏപ്രിൽ 25ന് കോവിഡ് ബാധിതനായാണ് 45കാരനായ അക്ബർ മാഷ് മരിക്കുന്നത്.
മക്കളിൽ മൂത്തയാളാണ് മെഹ്റീൻ. വാർത്തവായന മത്സരത്തിൽ സമ്മാനം വാരിക്കൂട്ടിയ മിടുക്കി. പ്ലസ് ടു വിദ്യാർഥിനിയായിരുന്ന മകളെയും മാധ്യമപ്രവർത്തനത്തിൽ തൽപരരായ മറ്റു കുട്ടികളെയും ഉദ്ദേശിച്ചാണ് കോവിഡ് കാലത്തെ വീട്ടിലിരിപ്പിെൻറ ഉൽപന്നമായി ഇക്കൊല്ലം ജനുവരിയിൽ 'ന്യൂസ് 9' തുടങ്ങിയത്. പ്രഫഷനലുകളെ വെല്ലുന്ന തരത്തിൽ സ്ഫുടതയോടെ മനോഹരമായി മെഹ്റീൻ വാർത്തകൾ അവതരിപ്പിച്ചു.
'പ്രതിഭയെത്തേടി' പ്രത്യേക സീരീസും തുടങ്ങി. ഇതിന് സഹായിയായി എളാപ്പയുടെ മകൻ ഷഫീഖ് ഉണ്ടായിരുന്നു. എന്നാൽ, അബ്ബയുടെ പിന്തുണയും സാന്നിധ്യവും നഷ്ടമായതോടെ മെഹ്റീനും അനിയന്മാരും പതുക്കെ വാർത്തകളുടെ ലോകത്തുനിന്ന് പിൻവാങ്ങി. ഓഫ് ലൈൻ ക്ലാസുകൾ പുനരാരംഭിക്കുന്നുവെന്നറിഞ്ഞതോടെ അബ്ബ ഏൽപിച്ചു പോയത് തുടരണമെന്ന ചിന്ത വീണ്ടുമുണരുകയായിരുന്നു.
കോഴിക്കോട് ഫാറൂഖ് കോളജിൽ ഒന്നാം വർഷ ബി.എ മലയാളം വിദ്യാർഥിനിയാണിപ്പോൾ മെഹ്റീൻ. അനിയന്മാർ രണ്ടുപേരും ഒതുക്കുങ്ങൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ് പഠിക്കുന്നത്.
സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപകനായിരുന്ന അക്ബർ നിരവധി ഗാനങ്ങൾ രചിച്ചിട്ടുണ്ട്. വീട്ടമ്മയായ മാതാവ് ആയിഷയുടെ സംരക്ഷണത്തിലാണ് മക്കളിപ്പോൾ. ന്യൂസ് 9ൽ ഇനി സ്കൂൾ വാർത്തകൾ കൂടുതൽ ഉൾപ്പെടുത്തുമെന്ന് മെഹ്റീൻ പറയുന്നു. തെൻറ പഠനത്തെ ബാധിക്കാത്ത തരത്തിൽ പാർട്ട് ടൈം ജോലി ചെയ്ത് വീട്ടിലെ കാര്യങ്ങൾ കൂടി നോക്കണമെന്ന ആഗ്രഹവും ഇപ്പോൾ മെഹ്റീനുണ്ട്. ചാനൽ വഴി വൈവിധ്യങ്ങളായ വാർത്തകൾ പുറംലോകത്തെത്തിക്കാനും കൂടുതൽ വിദ്യാർഥികളെ ഇതിലേക്ക് കൊണ്ടുവരാനും ശ്രമിക്കുന്നു. യൂ ട്യൂബിൽ ന്യൂസ് 9 മലപ്പുറം (NEWS 9 MALAPPURAM) എന്ന് തിരഞ്ഞാൽ ഇവരുടെ ചാനലിലെത്താം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.