പച്ചക്കറി ഉൽപാദനത്തിൽ മലപ്പുറം ജില്ല നമ്പർ വൺ, നാളികേരത്തിൽ നമ്പർ ടു
text_fieldsമലപ്പുറം: പച്ചക്കറി ഉൽപാദനത്തിൽ പാലക്കാടിനെ പിന്തള്ളി മലപ്പുറം ജില്ല ഒന്നാമത്. ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് പ്രസിദ്ധീകരിച്ച 2021-‘22ലെ കാർഷിക സ്ഥിതിവിവരക്കണക്കിലാണ് ഈ വിവരം. സംസ്ഥാനത്തെ ആകെ പച്ചക്കറി ഉൽപാദനത്തിന്റെ 11.69 ശതമാനം ജില്ലയുടെ സംഭാവനയാണ്. പാലക്കാട് (11.47 ശതമാനം), ഇടുക്കി (10.27 ശതമാനം) എന്നിവയാണ് രണ്ടും മൂന്നും സ്ഥാനത്ത്. മുരിങ്ങ, അമര, കയ്പ, വെണ്ടക്ക, വഴുതന, പച്ചമുളക്, കോവൽ, ചേന, മത്തൻ, വെള്ളരി, പയർ എന്നിവയാണ് പ്രധാനമായും കൃഷികൾ. വയലുകളിൽ പച്ചക്കറി കൃഷി കൂടുതലായി ചെയ്യുന്നതാണ് ജില്ലയിൽ നാടൻ പച്ചക്കറി ഉൽപ്പാദനം കൂടാൻ കാരണം. കമുക് കൃഷിയിലും ജില്ലയാണ് ഒന്നാംസ്ഥാനത്ത്. 18769 ഹെക്ടറിലാണ് ജില്ലയിൽ കമുക് കൃഷി.
18469 ഹെക്ടറിൽ കൃഷിയുള്ള കാസർകോടാണ് രണ്ടാമത്. മൂന്നാംസ്ഥാനത്ത് വയനാട്-11090 ഹെക്ടർ. കാർഷിക സർവേ റിപോർട്ട് പ്രകാരം വെറ്റില കൃഷിയിലും മലപ്പുറമാണ് ഒന്നാംസ്ഥാനത്ത് തുടരുന്നത്. ജില്ലയിൽ 92 ഹെക്ടറിൽ കൃഷിയുണ്ട്. തിരൂർ മേഖലയിലാണ് പ്രധാനമായും. സംസ്ഥാനത്ത് 243 ഹെക്ടറിൽ മാത്രമേ വെറ്റില വിളയുന്നുള്ളു.
നാളികേര ഉൽപാദനത്തിൽ കോഴിക്കോടിന് പിറകിലായി മലപ്പുറം രണ്ടാം സഥാനത്ത് തുടരുകയാണ്. ആകെ വിസ്തൃതിയുടെ 14.79 ശതമാനവും കോഴിക്കോടിന്റെ സംഭാവനയാണ്. കോഴിക്കോട് ജില്ലയിൽ 113211 ഹെക്ടറിൽ നാളികേര കൃഷിയുണ്ട്. മലപ്പുറം ജില്ലയിൽ 102146 ഹെക്ടറിൽ നാളികേരം വിളയുന്നു. മൂന്നാംസ്ഥാനത്തുള്ള കണ്ണൂരിൽ നാളികേര കൃഷി 86246 ഹെക്ടറിൽ. മലപ്പുറം ജില്ലയിൽ 9813 ഹെക്ടറിലാണ് നെൽകൃഷി. സംസ്ഥാനത്തെ ആകെ നെൽകൃഷിയുടെ 5.01 ശതമാനം ജില്ലയിലാണ്. 2021-‘22ൽ 31354.89 ടൺ ആണ് ജില്ലയിലെ നെല്ലുൽപാദനം.
ചക്ക, മാങ്ങ, വാഴ, പൈനാപ്പിൾ, പപ്പായ തുടങ്ങിയ പഴവർഗ കൃഷിയിൽ പാലക്കാടിനും ഇടുക്കിക്കും പിന്നിലായി മലപ്പുറം മൂന്നാംസ്ഥാനത്താണ്. സംസ്ഥാനത്ത് ആകെ പഴവർഗ കൃഷിയുടെ 8.90 ശതമാനം ജില്ലയുടെ സംഭാവനയാണ്. 4513 ഹെക്ടർ നേന്ത്ര വാഴയും 3607 ഹെക്ടർ നേന്ത്രൻ അല്ലാത്ത വാഴയും ജില്ലയിൽ കൃഷി ചെയ്യുന്നു. കശുമാവ്-1228 ഹെക്ടർ, കുരുമുളക്-1949, പ്ലാവ്-8210, മാവ്-7532, ചേന-527, ഇഞ്ചി-22 എന്നിങ്ങനെയാണ് ജില്ലയിൽ മറ്റു വിളകളുടെ വിസ്തൃതി. വാർഷിക റബ്ബർ ഉൽപാദനം 43700 ടൺ.
കമുക് കൃഷിയിൽ മുന്നിൽ, ഉൽപാദനത്തിൽ പിന്നിൽ
മലപ്പുറം: വിസ്തൃതികൊണ്ട് കമുക് കൃഷിയിൽ മലപ്പുറം ഒന്നാംസ്ഥാനത്ത് ആണെങ്കിലും ഉൽപാദനത്തിലും ഉൽപാദനക്ഷമതയിലും മുന്നിൽ കാസർകോടാണ്. 18769 ഹെക്ടർ കമുക് കൃഷിയുള്ള മലപ്പുറത്ത് വാർഷിക ഉൽപാദനം 18052 ടൺ. ഉൽപാദനക്ഷമത ഹെക്ടറിന് 962 കി.മീ. അതേസമയം, 18 496 ഹെക്ടർ കമുക് കൃഷിയുള്ള കാസർകോട് ജില്ലയുടെ വാർഷിക ഉൽപാദനം 46383 ടൺ, ഉൽപാദന ക്ഷമത ഹെക്ടറിന് 2508. അത്യുൽപാദനശേഷിയുള്ള ഇനങ്ങളാണ് കാസർകോട്ടെ ഉയർന്ന ഉൽപാദന തോതിനു കാരണം. മലപ്പുറം ജില്ലയിൽ 3239 ഹെക്ടറിൽ മരച്ചീനി കൃഷിയുണ്ട്. വാർഷിക ഉൽപാദനം 150152 ടൺ. ഉൽപാദനക്ഷമത ഹെക്ടറിന് 46354 കിലോ. ജില്ലയിൽ നേന്ത്രന്റെ വാർഷിക ഉൽപാദനം 40766 ടൺ. ഉൽപാദനക്ഷമത ഹെക്ടറിന് 9033 കിലോ.
ജില്ലയിൽ
- ആകെ കൃഷി ഭൂമി -230519.48 ഹെക്ടർ
- കഴിഞ്ഞ ഒരു വർഷമായി തരിശിട്ടത്-6294 ഹെക്ടർ
- ഒരു വർഷത്തിനും മൂന്നു വർഷത്തിനും ഇടയിൽ തരിശിട്ടത്- 4923 ഹെക്ടർ
- കൃഷിയോഗ്യമായതും എന്നാൽ, ദീർഘകാലമായി തരിശായി കിടക്കുന്നത്-3733 ഹെക്ടർ
- കൃഷിയോഗ്യമല്ലാത്തവ-432 ഹെക്ടർ
- പലവക മരങ്ങൾ വളരുന്ന സ്ഥലം-143 ഹെക്ടർ
- കാർഷികേതര പ്രദേശം-53763 ഹെക്ടർ
- വനം-103417 ഹെക്ടർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.