കുടിവെള്ള പ്രശ്നം രൂക്ഷം; വിതരണത്തിന് ക്വട്ടേഷനുമായി മലപ്പുറം നഗരസഭ
text_fieldsമലപ്പുറം: കുടിവെള്ള പ്രശ്നം രൂക്ഷമായതോടെ വിതരണം ചെയ്യാൻ താൽപര്യമുള്ളവരിൽനിന്ന് ക്വട്ടേഷൻ ക്ഷണിച്ച് നഗരസഭ. രണ്ട് തവണ ടെൻഡർ ക്ഷണിച്ചിട്ടും എടുക്കാൻ ആളില്ലാതെ വന്നതോടെയാണ് ക്വട്ടേഷൻ ക്ഷണിക്കാൻ അധികൃതർ തീരുമാനിച്ചത്. നഗരസഭ മലപ്പുറം, മേൽമുറി വില്ലേജുകളിൽ കുടിവെള്ള ക്ഷാമം രൂക്ഷമാണ്. വിഷയം ചൂണ്ടിക്കാട്ടി ബുധനാഴ്ച ഡി.വൈ.എഫ്.ഐ ഉപരോധ സമരവും നടത്തിയിരുന്നു. ക്വട്ടേഷൻ ക്ഷണിക്കാൻ പ്രതിഷേധവും കൂടി കാരണമായി.
കടലുണ്ടിപ്പുഴയിൽ ജലലഭ്യത കുറഞ്ഞതോടെ ജല വകുപ്പ് അഞ്ച് ദിവസം കൂടുമ്പോൾ മാത്രമാണ് കുടിവെള്ള വിതരണം നടക്കുന്നത്. ഇത് പ്രശ്നം രൂക്ഷമാക്കി. പുഴയിലെ വിവിധ ഭാഗങ്ങളിലെ കുഴികളിൽനിന്ന് 20 എച്ച്.പി മോട്ടോർ വഴി പമ്പിങ് സ്റ്റേഷനിലെ കിണറിലേക്ക് രണ്ട് മണിക്കൂർ ഇടവിട്ട് ജലമെത്തിക്കുകയാണ്. തുടർന്ന് പമ്പിങ് സ്റ്റേഷനിൽനിന്ന് 70 എച്ച്.പി മോട്ടോറിൽ കോട്ടക്കുന്നിലെ ടാങ്കിലേക്കും എത്തിക്കും. ഇങ്ങനെ ഏകദേശം നാല് ദിവസം പമ്പ് ചെയ്ത് കോട്ടക്കുന്നിലെ ടാങ്ക് നിറഞ്ഞശേഷമാണ് നഗരത്തിന്റെ ഓരോ ഭാഗങ്ങളിലേക്കും ജലവിതരണം നടത്തുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ നഗരത്തിൽ ഭേദപ്പെട്ട മഴ ലഭിച്ചിരുന്നെങ്കിലും പുഴയിൽ ജലനിരപ്പ് ഉയർത്താൻ സഹായകരമായിട്ടില്ല. മണ്ണാർകുണ്ട് പമ്പ് ഹൗസിൽനിന്നാണ് മലപ്പുറം വില്ലേജ് പരിധിയിലേക്ക് ശുദ്ധജലം പമ്പ് ചെയ്യുന്നത്.
ഇവിടെ കടലുണ്ടിപ്പുഴ വരണ്ട അവസ്ഥയിലാണ്. നമ്രാണി പമ്പ് ഹൗസിനോടു ചേർന്ന് നഗരസഭയുടെ പുതിയ റഗുലേറ്റർ കം ബ്രിജ് നിർമിക്കുന്നതിനാൽ സംഭരിച്ച വെള്ളം മുഴുവൻ ഒഴുക്കിക്കളയേണ്ടിയും വന്നു. അതോടെ ഇവിടെനിന്നുള്ള പമ്പിങും തടസപ്പെട്ടിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.