മത്സ്യബന്ധന വള്ളം തകർന്നു; തൊഴിലാളികളെ രക്ഷപ്പെടുത്തി
text_fieldsതാനൂർ: താനൂർ സ്വദേശിയുടെ മത്സ്യബന്ധന വള്ളം തകർന്ന് ലക്ഷങ്ങളുടെ നഷ്ടം. താനൂർ ഒസ്സാൻ കടപ്പുറം മമ്മിക്കാനകത്ത് മുഹമ്മദ് ഹനീഫയുടെ ഉടമസ്ഥതയിലുള്ള നല്ല ഇടയൻ വള്ളമാണ് ആഴക്കടലിൽ തകർന്ന് പൂർണമായും മുങ്ങിപ്പോയത്. 15 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതാണ് കണക്കാക്കുന്നത്.കൂടാതെ വള്ളത്തിലുണ്ടായിരുന്ന രണ്ട് ലക്ഷത്തോളം രൂപ വില വരുന്ന മത്സ്യവും നഷ്ടമായിട്ടുണ്ട്.
ബേപ്പൂർ തീരത്ത് നിന്ന് 40 നോട്ടിക്കൽ മൈൽ ദൂരെയാണ് അപകടമുണ്ടായത്. മുങ്ങുന്നതിനിടെ സഹായത്തിനായി ടോർച്ച് തെളിച്ചും ശബ്ദമുണ്ടാക്കിയും ശ്രദ്ധയാകർഷിക്കാനുള്ള തൊഴിലാളികളുടെ ശ്രമത്തിനൊടുവിൽ കൊല്ലം സ്വദേശിയായ സദേഷിന്റെ മത്സ്യബന്ധന ബോട്ടായ ബ്ലൂ ലൈൻ ഇവരുടെ രക്ഷക്കെത്തുകയായിരുന്നു.
ഉടമയടക്കം വള്ളത്തിലുണ്ടായിരുന്ന അഞ്ചാളുകളെയും രക്ഷപ്പെടുത്തിയ സദേഷിനും മത്സ്യബന്ധനം നടത്താനാകാതെ മടങ്ങേണ്ടി വന്നതിനാൽ ഇന്ധനച്ചെലവടക്കം അര ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. ജീവൻ തിരിച്ചു കിട്ടിയതിന്റെ ആശ്വാസത്തിനിടയിലും ജീവിത മാർഗമായിരുന്ന വള്ളവും മത്സ്യബന്ധന ഉപകരണങ്ങളും നഷ്ടമായതിന്റെ സങ്കടത്തിലാണ് മുഹമ്മദ് ഹനീഫയും തൊഴിലാളികളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.