വാഹനം ഇടിച്ച് പരിക്കേറ്റ കുറുക്കന് പുതുജീവൻ നൽകി വനംവകുപ്പ് ഉദ്യോഗസ്ഥർ
text_fieldsഅത്തിപ്പറ്റ: വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ കുറുക്കന് പരിചരണം നൽകി വനംവകുപ്പ് ഉദ്യോഗസ്ഥർ. അത്തിപ്പറ്റ ഫത്ഹുൽ ഫതാഹിന് സമീപം വാഹനമിടിച്ച് പരിക്കേറ്റ് ഓവുചാലിൽ അവശനിലയിൽ കിടക്കുകയായിരുന്ന കുറുക്കനെ രക്ഷപ്പെടുത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാർ രംഗത്ത് വരുകയായിരുന്നു.
ചൊവ്വാഴ്ച രാവിലെയാണ് പരിക്കേറ്റ നിലയിൽ കുറുക്കനെ നാട്ടുകാർ കണ്ടത്. തുടർന്ന് എടയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഹസീന ഇബ്രാഹിമിനെ അറിയിക്കുകയായിരുന്നു. പഞ്ചായത്ത് പ്രസിഡൻറ് വിവരമറിയച്ചതിനെ തുടർന്നാണ് നിലമ്പൂർ സൗത്ത് ആർ.ആർ.ആർ.ടിയിലെ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയത്.
ഇവർ കുറുക്കനെ എടയൂർ പഞ്ചായത്ത് മൃഗാശുപത്രിയിലെത്തിക്കുകയും പരിചരണം നൽകുകയും ചെയ്തു.
സെക്ഷൻ ഫോറസ്റ്റ് ഓഫിസർ കെ. മുരുകൻ, ജീവനക്കാരായ എ.പി. സജീഷ്, യൂനുസ് എന്നിവരെത്തിയാണ് കുറുക്കനെ രക്ഷിച്ചത്. ചികിത്സക്ക് ശേഷം കുറുക്കനെ നിലമ്പൂർ വനത്തിൽ തുറന്നുവിടുമെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.